നിങ്ങളിൽ ഷഡ്ഢി / ജെട്ടി ഇടാത്തവർ മാത്രം എന്നെ കല്ലെറിയുക..!!

5457

നിങ്ങളിൽ ഷഡ്ഢി /ജെട്ടി ഇടാത്തവർ മാത്രം എന്നെ കല്ലെറിയുക.

ഷഡ്ഢിയാണോ ജെട്ടിയാണോ എന്ന കാര്യത്തിൽ എനിക്ക് വലിയ ഉറപ്പില്ല. എന്തായാലും സാധനം നിങ്ങൾക്കു പിടികിട്ടിയല്ലോ? ഉടു തുണിയുടെ അടിയിൽ പൊതു താല്പര്യ പ്രകാരം നമ്മൾ ഇടുന്ന ഒരു തരം വസ്ത്രം. പല നിറങ്ങളിൽ, സൈസുകളിൽ ലഭിക്കുന്ന ഇവയെ ചിലർ കുറച്ചു മാസത്തെ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നു. ചിലർ അതിൽ പല ഡയാമീറ്ററിലുള്ള ഓട്ടകൾ വീണാലും വേർപിരിയാനാവാത്ത വിധം അണിഞ്ഞു നടക്കുന്നു. അപ്പൊ, ഈ ഷഡ്ഢി അഥവാ ജെട്ടി ആണ് നമ്മുടെ നായകൻ.

ഇട്ടു ശീലിച്ചതും കേട്ട് ശീലിച്ചതും ജെട്ടി ആയതു കൊണ്ട്, തുടർന്നും അതുപയോഗിക്കാനാണ് എനിക്കിഷ്ടം. എനിക്ക് ഒരു ഇരുപതു വയസ്സായപ്പോൾ കല്യാണം കഴിക്കാൻ ഭയങ്കര ആക്രാന്തം തോന്നി തുടങ്ങി. വീടിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഞാൻ കട്ട ഡീസെന്റ് ആയതു കൊണ്ട്, എനിക്ക് ധാരാളം കല്യാണാലോചനകൾ വന്നും തുടങ്ങി.

തികഞ്ഞ മൂരാച്ചിയും ഫെമിനിസ്റ്റുമായ എന്റെ ‘അമ്മ, അതൊക്കെ നിർദയം ചവിട്ടികൂട്ടി കളഞ്ഞു. “മോൾക്ക് കല്യാണ പ്രായം ആയില്ലേ, കെട്ടിക്കണ്ടേ” എന്ന് ചോദിക്കുന്നവരെ,” അവളെ ജോലി കിട്ടിട്ടേ കെട്ടിക്കുന്നുള്ളു. പിന്നെ കുറച്ചു വൈകി കെട്ടിയാലും സാരമില്ല. ” എന്ന ഡയലോഗ് അടിച്ചു ‘അമ്മ വിരട്ടി ഓടിച്ചു. ആ കൊല്ലം അപ്പുറത്തെ വീട്ടിലെ ,എന്നേക്കാൾ 2 വയസ്സിനു താഴെയുള്ള ഒരു പെണ്ണിന്റെ കല്യാണം ഉറപ്പ്പിച്ചു. ഒട്ടും താല്പര്യമില്ലാത്ത അവളെ അവളുടെ അച്ഛൻ നിർബന്ധിച്ചു കെട്ടിക്കുവായിരുന്നു.

ഹോ !! ഓരോരുത്തരുടെ ഭാഗ്യം. അവളുടെ അച്ഛനെ കാണുമ്പോൾ “എനിക്ക് ജനിക്കാത്ത പോയ അച്ഛനാണച്ഛാ അച്ഛൻ “എന്ന് ഞാൻ എത്ര തവണ മനസ്സിൽ വിതുമ്പിയിട്ടുണ്ടെന്നോ? അങ്ങനെ അയലത്തെ വീട്ടിലെ കല്യാണ ചെക്കനേം അവന്റെ അങ്ങളേം കൊതിയോടെ നോക്കി നിന്ന കാലം.

അമ്മേടെ വാശി അറിയാവുന്നതു കൊണ്ട് , പിന്നീടങ്ങോട്ടുള്ള കുറച്ചു വർഷങ്ങൾ ഞാൻ ജോലിക്കു വേണ്ടി തെക്കു വടക്കു നടന്നു. പി.എസ്.സി, പോസ്റ്റ് ഓഫീസ് ടെസ്റ്റ്,ബാങ്ക് ടെസ്റ്റ് ,റെയിൽവേ റിക്രൂട്ട്മെന്റ് എന്ന് വേണ്ട ഒരു മാതിരി പെട്ട എല്ലാ ടെസ്റ്റുകളും എഴുതി തുടങ്ങി. കെട്ടിയോനേം കെട്ടിപ്പിടിച്ചു നടക്കേണ്ട പ്രായത്തിൽ ,തൊഴിൽ വാർത്ത ,തൊഴിൽ വീഥി എന്നീ ചവറു സാധനങ്ങളേം കൊണ്ട് നടന്നു.

അങ്ങനെ ഒരു ദിവസം എനിക്ക് എറണാകുളത്തു വച്ച് നടക്കുന്ന ഒരു ടെസ്റ്റിന്റെ ഹാൾ ടിക്കറ്റ് വന്നു. അച്ഛനും അമ്മയ്ക്കും കൂട്ട് വരാൻ കഴിയാത്ത അവസ്ഥ. എന്റെ ചെറ്റ സ്വഭാവം അറിയാവുന്നതു കൊണ്ട് ഒറ്റക്കെന്നെ വിടാനും പേടി.” ഓ ഒന്നും പേടിക്കാനില്ല, ഞാൻ കൊണ്ട് പോകാം ടെസ്റ്റിന് ” ഒരു ദൈവദൂതനെ പോലെ എന്റെ മാമൻ.( അമ്മേടെ ചേട്ടൻ) . മാമന് കുട്ടികൾ ഇല്ലാത്തതു കൊണ്ട് ഞങ്ങൾ മരുമക്കളെ ജീവനായിരുന്നു.

‘അമ്മ ഓടിച്ചിട്ടടിക്കുന്ന സാഹചര്യങ്ങളിൽ ഞാൻ അഭയം തേടുന്ന രഹസ്യ സങ്കേതമാണ് മാമന്റെ വീട്. അങ്ങനെ ഞാനും മാമനും എറണാകുളത്തേക്കു വണ്ടി കയറി . ട്രെയിനിൽ എന്റെ മുന്നിലൂടെ പോയ പഴംപൊരി,പരിപ്പ് വട, ഉഴുന്ന് വട ഒക്കെ മാമനെ കൊണ്ട് വാങ്ങിപ്പിച്ചു ,

ഞാൻ മാമന് എന്നോടുള്ള സ്നേഹം കാണിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു.
അടുത്ത ദിവസം പരീക്ഷ കഴിഞ്ഞു. “മോളെ ഞാൻ എവിടെ പോയാലും മാമിക്ക് ഒരു സാരി വാങ്ങും.നമുക്ക് ആ ശീമാട്ടിയിൽ ഒന്ന് പോയാലോ”

ശങ്കരാടിയുടെ രൂപം ഉള്ള മാമന്റെ ഉള്ളിൽ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനാണെന്നു അന്നാണ് ഞാൻ അറിയുന്നത്. “പിന്നെന്താ പോകാം മാമാ,ഞാൻ ശീമാട്ടിയെ പറ്റി കേട്ടിട്ടേ ഉള്ളു,കണ്ടിട്ടില്ല”.

ഞാൻ അന്ന് വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ തുണി കട തിരോന്തരത്തെ പാർഥാസ് ആണ്. എന്റെ തലച്ചോറിനേക്കാൾ പതുക്കെ പ്രവർത്തിക്കുന്ന ഫാനായിരുന്നു അന്നൊക്കെ വീട്ടിൽ. പാർഥാസിലെ AC യുടെ തണുപ്പിന് എന്റെ വിവാഹസ്വപ്നങ്ങളേക്കാൾ കുളിരുണ്ടായിരുന്നു.

അങ്ങനെ അന്തം വിട്ടു കുന്തം വിഴുങ്ങി ഞാൻ ശീമാട്ടിക്കുള്ളിൽ കയറി . ജയകൃഷ്ണനല്ല ,വിജയകാന്ത് ആണ് താൻ എന്ന് തെളിയിച്ചു കൊണ്ട് മഴവില്ലിലെ എല്ലാ നിറങ്ങളുമുള്ള നല്ല ഒന്നാന്തരം പാണ്ടി സാരി മാമൻ ,മാമിക്ക് വേണ്ടി സെലക്ട് ചെയ്തു. ബില്ല് അടക്കാൻ നടക്കുന്നതിനിടെ പെട്ടന്ന് സ്വിച് ഇട്ട പോലെ നിന്ന മാമൻ എന്നോട് ” അതെ എനിക്ക് ജെട്ടി മേടിക്കണം. ഞാൻ അങ്ങനെ എല്ലാ ജെട്ടിയും ഇടുന്ന ടൈപ്പ് അല്ല. crocodile എന്ന ബ്രാൻഡ് മാത്രമേ ഉപയോഗിക്കു.

നാട്ടിൽ കിട്ടാൻ പാടാണ് . ഞാൻ ഇവിടെ ഒന്ന് നോക്കട്ടെ. മോള് വാ ” സത്യം പറഞ്ഞാൽ എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല .ജെട്ടി വാങ്ങണം . തീർത്തും ന്യായമായ ആവശ്യം.”മാമൻ പോയിട്ട് വരൂ,ഞാൻ ഇവിടെ നിക്കാം’ എന്ന് പറഞ്ഞു ഞാൻ അവിടെ കൂട്ടിയിട്ടിരിക്കുന്ന സാരികളിലേക്കു ഊളിയിട്ടിറങ്ങി.

“ഓക്കേ” എന്ന് പറഞ്ഞു നടന്ന മാമൻ ,ചെന്ന് നിന്നതു അവിടെ സാരി ഉടുത്തു നിൽക്കുന്ന ഒരു സുന്ദരി കൊച്ചിന്റെ അടുത്താണ്. ഈ ഫ്ലോർ മാനേജർ ഇല്ലേ?അത് തന്നെ കക്ഷി. “മോളെ ഇവിടെ ജെട്ടി എവിടെ കിട്ടും?” “ഫസ്റ്റ് ഫ്ലോറിലാണ് സർ undergarments സെക്ഷൻ” മാമന്റെ സംശയങ്ങൾ തീരുന്നില്ല” അതെ ഈ ആണുങ്ങളുടെ ജെട്ടി അതാണ് വേണ്ടത് ,ഈ crocodile ജെട്ടി.അതിവിടെ ഉണ്ടോ?

“പകച്ചു പണ്ടാരം അടങ്ങിയ പെണ്ണിന്റെ മൂക്കീന്നും വായിന്നും പുക പോയിക്കാണും.”സർ മുകളിൽ ചോദിച്ചു നോക്കൂ. അവർ പറയും” എന്ന് സകല വിനയത്തോടും കൂടി ആ കുട്ടി പറഞ്ഞൊപ്പിച്ചു. അത് വരെ ആ കുട്ടി എന്നെ ശ്രദ്ധിച്ചിട്ടില്ല. ആ കുറവ് നികത്താനെന്നോണം മാമൻ എന്നെ നോക്കി “ ഈ കുട്ടിക്കറിയില്ലാന്നു .ഞാൻ മുകളിൽ പോയി സാധനം ഉണ്ടോന്നു നോക്കിയിട്ടു വരാം”.

പിന്നേ !! വേൾഡ് കപ്പ് മാച്ച് അല്ലേ ലൈവ് കമന്ററി ഇട്ടു കളിയ്ക്കാൻ. ഞാൻ നാണം കെട്ടു പോയി. ആ കൊച്ചാണെങ്കി “ഇത്തരം ഐറ്റംസ് വീട്ടിൽ വേറെയുണ്ടാ” എന്ന മട്ടിൽ എന്നെ ഒരു നോട്ടവും. ‘ജെട്ടി സ്വയംവരം ആട്ടക്കഥ’ ഫസ്റ്റ് ഫ്ലോറിൽ തകർത്താടി മാമൻ പടിയിറങ്ങി വന്നു. ഞാനും മാമനും ഏതാണ്ട് ഒരു 5 അടി ദൂരം, അത്രേയുള്ളൂ. വളരെ പതുക്കെ പറഞ്ഞാൽ മതി.കേൾക്കാം.

എന്നാലും ജനാർദ്ദനന്റേയും, എം.എസ്. തൃപ്പൂണിത്തുറയുടെയും ശബ്ദം സമം ചാലിച്ചു മാമൻ ഒരലർച്ച ” ഇത്ര വലിയ കടയിൽ crocodile ജെട്ടി ഇല്ല. എന്ത് കഷ്ടാ ഇത്. സ്റ്റോക്ക് തീർന്നു പോയി പോലും. മനുഷ്യന് അത്യാവശ്യം വേണ്ട സാധനല്ലേ ? വേറേ ജെട്ടികൾ ഒക്കെ അയാൾ കാണിച്ചു . എനിക്ക് crocodile തന്നെ വേണം. ” crocodile ജെട്ടി കിട്ടാത്ത മനുഷ്യ ജീവിയുടെ ദീനരോദനം ഫ്ലോർ മാനേജർ കൊച്ചു മാത്രമല്ല ,ഇത്തവണ ഒരു 20 പേരെങ്കിലും കേട്ടു കാണും.

ചിലയിടത്തു ചിരി,ചിലയിടത്തു തുറിച്ചു നോട്ടം,എന്താ ഇങ്ങനെ ? ഒരു വിധത്തിൽ ഞാൻ വിപ്ലവകാരിയെ അവിടെ നിന്ന് വലിച്ചു പുറത്തു കൊണ്ട് പോയി. എനിക്കുള്ള അന്നത്തെ quota തീർന്നില്ലാന്നു ഞാൻ മനസ്സിലാക്കുന്നത് ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലിൽ വച്ചാണ്. ഒരു പ്ലേറ്റ് ബിരിയാണി, രണ്ടു കട്ലെറ്, ഒരു ഓറഞ്ച് ജ്യൂസ് ഇത്ര മാത്രം ഓർഡർ ചെയ്തിട്ട് വെയിറ്റ് ചെയ്യുന്ന എന്റെ കണ്ണുകൾ ക്യാഷ് കൗണ്ടറിലെ യുവ കോമളനിൽ ഉടക്കി നിന്നു.

multi tasking ഇൽ മിടുക്കി ആയതു കൊണ്ട് മാത്രമാണ് ആ ഭക്ഷണം മുഴുവനും കഴിച്ചു തീർക്കാനും അവനെ ആത്മാർത്ഥമായി വാറ്റാനും ഒരേ സമയം എനിക്ക് സാധിച്ചത്. കണ്ണും കണ്ണും കഥകൾ കൈമാറുന്നതിനോടൊപ്പം ബിരിയാണിയും വലിച്ചു കേറ്റുന്ന എന്നെ സമ്മതിക്കണം .

പെട്ടന്ന് എനിക്ക് ഒരു മൂത്ര ശങ്ക. “മാമാ ,ഞാൻ ടോയ്‌ലെറ്റിൽ പോയിട്ട് വരാമേ” എന്ന് പറഞ്ഞു ഞാൻ എണീറ്റതും “അയ്‌യോ ! ഒറ്റയ്ക്ക് പോകണ്ട മോളെ ഞാൻ കൂടെ വന്നു പുറത്തു നിൽക്കാം” എന്ന് പറഞ്ഞു മാമൻ ചാടി എണീറ്റു. തടഞ്ഞിട്ടു കാര്യമില്ല. എന്തായാലും കൂടെ വരും.തടഞ്ഞാൽ ,തർക്കിക്കാൻ വരും.

മാമൻ മൈക്ക് വിഴുങ്ങി ആയതു കൊണ്ട് ഞാൻ മുള്ളാൻ പോണ കാര്യം നാട്ടുകാർ മുഴുവൻ അറിയും. വയ്യ! ഇനിയും ഒരു നാണക്കേടിന് ബാല്യമില്ല”. “ഓക്കേ മാമാ പോകാം’ എന്ന് പറഞ്ഞു മുന്നിൽ നടന്ന എന്നെ നിമിഷ നേരത്തിൽ ഓവർ ടേക്ക് ചെയ്തു കൊണ്ട് മാമൻ ക്യാഷ് കൗണ്ടറിലെ യുവ കോമളന്റെ അടുത്തെത്തി.

“മൂത്രമൊഴിക്കാൻ സ്ഥലം എവിടെയാണ്?” ഒരു ഭാവഭേദമില്ലാതെ അയാൾ ടോയ്‌ലറ്റ്‌ ചൂണ്ടി കാണിച്ചു”. ഈ സംഭാഷണത്തിനിടയിൽ ലേഡീസ് ടോയ്‌ലറ്റ്‌ എന്റെ കണ്ണിൽപ്പെട്ടു.

അങ്ങോട്ടേക്ക് നടക്കാൻ കാലെടുത്തു പൊക്കിയ എന്നെ സ്തബ്ധയാക്കികൊണ്ട് മാമന്റെ question number 2 to യുവകോമളൻ.”എനിക്കല്ല , ഈ പെൺകുട്ടിക്കാണ് ഒഴിക്കേണ്ടത്. പെൺകുട്ടികൾക്ക് മൂത്രമൊഴിക്കാനുള്ള സ്ഥലമെവിടെയാണ് ? ” ഹോ ഈ മൂത്രം ഒഴിച്ചു തന്നെ കളയണംന്നു ഏതവനാണോ കണ്ടു പിടിച്ചേ? അത്രയും നേരം ഞാൻ കഷ്ടപ്പെട്ട് കരക്കടുപ്പിച്ച ക്യാഷ്യർ വള്ളത്തിനെ മാമൻ മൂത്രത്തിൽ മുക്കിക്കളഞ്ഞു .

പൂരപ്പറമ്പിൽ പബ്ലിക്കായി കാര്യം സാധിക്കാൻ മാത്രം തൊലിക്കട്ടി എനിക്കുണ്ടെന്നായിരുന്നു അന്നു വരെ എന്റെ ഒരിത്. മാമന്റെ ചോദ്യോത്തര പംക്തിക്ക് ശേഷം എന്തോ കോമളന്റെ മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല . പ്രണയം ചിലപ്പോൾ നമ്മളെ തളർത്തിക്കളയും .ല്ലേ ?

അന്ന് തുടങ്ങിയതാണ് എനിക്ക് ഈ മൂത്രമൊഴിക്കൽ സമ്പ്രദായത്തോടുള്ള വെറുപ്പ്.പിന്നേ നിവർത്തിയില്ലാത്തോണ്ടാ…

ജീവിച്ചിരിക്കുന്നത് വരെ മാമൻ Crocodile ജെട്ടി അല്ലാതെ വേറൊന്നും ധരിച്ചതായി അറിവില്ല. അന്നത്തെ ആ ടെസ്റ്റ് ഞാൻ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു. എന്തിനോ വേണ്ടി തിളച്ചു മറിഞ്ഞ സാംബാർ പോലെ എന്റെ എറണാകുളം യാത്ര!

By Deepa Narayanan

ഒരു ജെട്ടിയുമായി ഞാൻ നല്ലെഴുത്തിൽ വീണ്ടും… എല്ലാരും ഇടണേ ഛേ!! വായിക്കണേ??

Posted by Deepa Ram on Friday, 29 September 2017