ഞാനൊന്ന് കുളിക്കാൻ പോയ സമയത്ത് അമ്മ മരിച്ചു; സാജു നവോദയയുടെ നൊമ്പരങ്ങൾ..!!

2664

സാജു നവോദയ എന്ന് പറയുമ്പോൾ ആരാണ് ആ നടൻ എന്ന് പലരും ആലോചിച്ചു പോകും. എന്നാലും പാഷാണം ഷാജി എന്ന പേര് പറഞ്ഞാൽ ഈ താരത്തെ എല്ലാവര്ക്കും സുപരിചിതവും ആണ്. മിമിക്രി വേദികളിൽ നിന്നും താരം അഭിനയ ലോകത്തിൽ എത്തിയത്. സ്റ്റേജ് ഷോകൾക്കായി പലയിടത്തും പോകുന്ന താരം അമ്മയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചത് ഇങ്ങനെ,

പ്രത്യേകിച്ച് ഒരു ഡ്രീം ഡെസ്റ്റിനേഷൻ ഒന്നുമില്ല എന്നാൽ മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ബ്രിട്ടനിൽ പരിപാടിക്കായി പോയ സമയത്താണ് ആ സംഭവം. അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 6 ദിവസംകൊണ്ട് മടങ്ങി വരാമെന്നായിരുന്നു പദ്ധതി. എന്നാൽ പെട്ടെന്ന് നാട്ടിൽനിന്നു വിളി വന്നു അമ്മയ്ക്ക് സുഖമില്ല. എന്നെ കാണണം. പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്ത ഫ്ലൈറ്റിൽ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് 20 മണിക്കൂറിലധികം യാത്രയുണ്ട്.

അന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനം കിട്ടിയില്ല. ഒന്നും ആലോചിച്ചില്ല കിട്ടിയതിനു കയറി പോന്നു. ചിന്ത മുഴുവനും അമ്മയ്ക്ക് അരികിൽ എത്തുക എന്നത് മാത്രമായിരുന്നു. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് കണക്‌ഷൻ ഫ്ലൈറ്റ് ആണ് കിട്ടിയത്. മുംബൈയിൽ ഇറങ്ങി അടുത്ത വിമാനത്തിൽ കൊച്ചിയിലേക്ക് പോരുമ്പോൾ എന്റെ ലഗ്ഗേജ് എടുക്കാൻ മറന്നുപോയി. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുമ്പോഴാണ് മുംബൈയിൽനിന്നു ലഗേജ് എടുത്തിട്ടില്ല എന്ന് മനസ്സിലായത്.

എങ്ങനെയെങ്കിലും അമ്മയുടെ അടുത്ത് എത്തിയാൽ മതി എന്നായിരുന്നു ചിന്ത. എങ്ങനെയൊക്കെയൊ അമ്മയുടെ അടുത്ത് ഓടിപ്പിടിച്ച് എത്തി. കണ്ടു സംസാരിച്ചു. ഞാൻ ഒന്ന് കുളിക്കാൻ പോയ നേരം അമ്മ മരിച്ചു. ഒരു ദിവസം ഞാൻ വൈകിയിരുന്നെങ്കിൽ എന്നെ കാണാതെ അമ്മ പോകുമായിരുന്നു. നീറുന്ന വേദനകൾക്കിടയിലും എന്നെ കണ്ട സന്തോഷത്തിൽ ആണ് അമ്മ മടങ്ങിയത്. ആ ഒരു ആശ്വാസം മാത്രമാണ് എനിക്കുള്ളത്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.