മണിച്ചിത്രത്താഴ് കണ്ട ശേഷം കുളിമുറിയിൽ കേറാൻ പേടിയായിരുന്നു; എബ്രിഡ് ഷൈൻ..!!

665

ഫാഷൻ ഫോട്ടോഗ്രാഫറിൽ ഇന്നും സംവിധായകനിലേക്ക് ഉയർന്നു വമ്പൻ വിജയം നേടിയ ആൾ ആണ് എബ്രിഡ് ഷൈൻ. 2014 ൽ പുറത്തിറങ്ങിയ 1983 ആയിരുന്നു ആദ്യ ചിത്രം നിവിൻ പൊളി നായകനായ ചിത്രം വമ്പൻ വിജയം നേടിയതിനൊപ്പം മികച്ച നവാഗത സംവിധായകന് ഉള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി കൊടുത്തു. തുടർന്ന് എബ്രിഡ് ഷൈൻ ചെയ്ത ആക്ഷൻ ഹീറോ ബിജുവും മികച്ച വിജയം നേടി. ഇപ്പോൾ എബ്രിഡ് തനിക്ക് പ്രേത സിനിമകളോടുള്ള ഭയത്തെ കുറിച്ച് പറയുന്ന കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ…

ഇറങ്ങി ഓടിയ സിനിമകൾ
പച്ചവെളിച്ചം എന്ന സിനിമ കണ്ടിട്ടുണ്ടോ ? ചെറുപ്പത്തിൽ കണ്ടതാണ് , കഥ ഒന്നും ഓർമയില്ല . സംഭവം പ്രേതപ്പടമായിരുന്നു. ഒന്നും നോക്കിയില്ല ഇറങ്ങി ഓടി . ശ്രീകൃഷ്ണ പരുന്തും , വീണ്ടും ലിസയും മുഴുവൻ കാണാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല . “ശ്രീകൃഷ്ണപ്പരുന്തിലെ” നിലാവിന്റെ പൂങ്കാവിൽ ” എന്ന ഗാനം ഇപ്പോഴും രാത്രിയിൽ കേൾക്കാറില്ല . മണിച്ചിത്രത്താഴ് സെക്കന്റ് ഷോ കണ്ടു കഴിഞ്ഞ് കൂട്ടുകാരൻ റോജി ആണ് സൈക്കിളിൽ എന്നെ വീട്ടിൽ കൊണ്ടാക്കിയത് . പിന്നെ കുളിമുറിയിൽ കേറാൻ പേടിയായിരുന്നു കുറച്ചുദിവസം . രാംഗോപാൽവർമ്മയുടെ “ഭൂത്” എന്ന സിനിമയും മുഴുവൻ കണ്ടിട്ടില്ല . പ്രേതത്തോടുള്ള പേടി കൊണ്ട് ഒരു കാരണവശാലും പ്രേതപ്പടം കാണാൻ പോകാതെയായി .

അങ്ങനെ വർഷങ്ങൾ കഴിഞ്ഞു സംവിധായകനായി ,1983 കഴിഞ്ഞു . എല്ലാം ക്യാമറ ട്രിക് ആണെന്ന് മനസിലായി . “ആക്ഷൻ ഹീറോ ബിജുന്റെ ” പ്രീപ്രൊഡക്ഷൻ നടക്കുന്നു .അതുവരെ ഇറങ്ങിയ കണ്ടതും കാണാത്തതുമായ എല്ലാ പോലീസ് പടങ്ങളും കാണാൻ തുടങ്ങി . വീട് വാടകക്ക് എടുത്ത് പടം കാണാലോടു കാണൽ . ആ ഇടക്ക് ആമിർ ഖാൻ പോലീസ്‌കാരനായ ഒരു പടമിറങ്ങി . അതിന്റെ സി ഡി വാങ്ങി . അത് കണ്ടേക്കാം എന്നോർത്ത് കണ്ടുതുടങ്ങി . ആമിർ ഖാൻ , നവാസുദ്ധീൻ സിദ്ദീഖി , കരീന കപൂർ , റാണി മുഖർജി എന്നിവർ സ്‌ക്രീനിൽ നിറഞ്ഞാടുന്നു . ക്ലൈമാക്സ് ആയപ്പോൾ പാതിരാത്രി ആയി . പെട്ടെന്നൊരു ഞെട്ടൽ . അകവാള് വെട്ടി . അത്രയും നേരം കണ്ടോണ്ടിരുന്ന കരീന കപൂർ പ്രേതമായിരുന്നു . എന്തായാലും രാത്രി ലൈറ്റ് അണക്കാതെ ഉറങ്ങി .

ഒരു ദിവസം എന്തോ കാര്യത്തിനു ജയസൂര്യയോട് സംസാരിക്കുമ്പോൾ ചോദിച്ചു , എടാ നീ എന്റെ പുതിയ പടം കണ്ടോ .. ഞാൻ ഒന്നും മിണ്ടിയില്ല .. എന്ത് പറയാനാ പടത്തിന്റെ പേരുതന്നെ അങ്ങനെയല്ലേ “പ്രേതം”.

മൂന്ന് നാലു ദിവസം മുന്നേ ഒരു പയ്യൻ വിളിച്ചു പുതിയ സിനിമക്ക് പറ്റിയ കഥ ഉണ്ട് , മെയിൽ ചെയ്യട്ടെ .. എന്ത് ടൈപ്പ് കഥ ആണെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു .. “ഹൊറർ” . മെയിൽ വന്നിട്ടുണ്ട് പകൽ എപ്പോഴെങ്കിലും ഇരുന്ന് വായിക്കണം .