ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയത്. ജഗദീഷ് മണിയൻപില്ല രാജു മമ്മൂട്ടി എം. ജി. സോമൻ അശോകൻ സുചിത്ര മുരളി എന്നിവരോടൊപ്പം മോഹൻലാൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എസ്. പി. വെങ്കിടേഷാണ് ഗാനങ്ങൾ രചിച്ചത് പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ നൽകി. തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു യുവതിയുടെ കൊലപാതക രഹസ്യത്തിൽ കുടുങ്ങിയ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിൽ കൂടുതൽ ഭാഗവും ചിത്രീകരണം നടത്തിയത് ട്രെയിനിൽ തന്നെ ആയിരുന്നു.
പടം തുടങ്ങുന്നതും ക്ലൈമാക്സ് അടക്കം ഷൂട്ട് ചെയ്തതും ട്രെയിനിൽ തന്നെ. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു അപകടത്തെക്കുറിച്ചും അതിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുത്ത മോഹന്‍ലാലിന്‍റെ മനുഷ്യ നന്മയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സംവിധായകന്‍ ജോഷി. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയകാല സൂപ്പര്‍ ഹിറ്റ് സിനിമയുടെ നൊസ്റ്റാള്‍ജിയ അനുഭവം ജോഷി പങ്കുവച്ചത്.
” ചാറ്റല്‍ മഴ പെയ്ത ദിവസമാണ് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നത്. ട്രെയിന്‍ കമ്പാര്‍ട്ട്മെന്റില്‍ ആണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഒന്ന് രണ്ടു വട്ടം റിഹേഴ്സല്‍ നടന്നു. മോഹന്‍ലാല്‍ ചെറുതായി ചവിട്ടുമ്പോള്‍ കമ്പിയില്‍ പിടിച്ച് കുനിയണം അതായിരുന്നു സീന്‍.
ടേക്കില്‍ മോഹന്‍ലാലിന്‍റെ ചവിട്ടുകൊണ്ട് അയാള്‍ക്ക് വാതില്‍പ്പടിയില്‍ പിടി കിട്ടിയില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് അയാള്‍ തെറിച്ചു വീണു. ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയപ്പോള്‍ അപകടസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരുന്നു. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട് ചെളി നിറഞ്ഞ വഴി ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകട സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹന്‍ലാല്‍ ആണ്.
ട്രാക്കിനരികില്‍ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹന്‍ലാല്‍ ആശുപത്രിയിലേക്ക് ഓടി. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു നട്ടെല്ലിനും പരിക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടി വന്നു ആശുപത്രി വിടാന്‍ സാമ്പത്തികമായും മോഹന്‍ലാല്‍ സഹായിച്ചു’. ജോഷി പറയുന്നു.