ഹിമാലയൻ യാത്രക്ക് പോകുമ്പോൾ പോലും പ്രണവിന്റെ കയ്യിൽ 500 രൂപയെ കാണൂ – കല്യാണി പ്രിയദർശൻ

8683

മലയാള സിനിമയിലേക്ക് ആദിയിലൂടെ ഉദിച്ചുയർന്ന പുതിയ താരമാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ഏറെ പ്രത്യേകതകൾ നിറഞ്ഞ മനുഷ്യൻ. സിനിമകളെക്കാൾ യാത്രയും മറ്റും ഇഷ്ടപ്പെട്ടുന്ന ആൾ. അടുത്ത സിനിമ ഇനി ഇഷ്ടം തോന്നിയാൽ മാത്രം എന്നു പറയുമ്പോൾ, ഇറങ്ങിയ ആദ്യ ചിത്രം ആദിയുടെ വിജയാഘോഷങ്ങളിൽ പോലും എത്താത്ത വ്യത്യസ്തമായ മനുഷ്യൻ. ഇങ്ങനെ ഒക്കെ ആണേലും പ്രണവിന്റെ പ്രിയ സുഹൃത്ത് ആണ് പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി. ഹലോ എന്ന തെലുഗു ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രണവിനെ കുറിച്ച് പറയുന്നത് ഇങ്ങനെ ഒക്കെയാണ്.

“പ്രണവ് ശരിക്കും ജിന്ന് , കയ്യിൽ ആകെ 500 രൂപയോ മറ്റോ കൊണ്ടാകും ഹിമാലയത്തിൽ പോയത്”

പ്രണവ് പിടി കിട്ടാത്ത ഒരാളാണ്. ശരിക്കും ഒരു ജിന്ന്. ചെരിപ്പിടാൻ പോലും പലപ്പോഴും മറക്കും. ‘ആദി’ അവനു വേണ്ടി എടുത്ത സിനിമ പോലെയാണ് തോന്നിയത്.

മലകളിലും മരങ്ങളിലുമൊക്കെ വലിഞ്ഞു കേറാൻ അവനെക്കഴിഞ്ഞേ ആളുള്ളൂ. അഭിനയിക്കാൻ വേണ്ടി മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി എന്നു പറഞ്ഞാണ് ആള് ഹിമാലയത്തിൽ മല കയറാൻ പോയത്.

കയ്യിൽ ആകെ 500 രൂപയോ മറ്റോ ഉണ്ടാവൂ. ലോറിയിലൊക്കെ ലിഫ്റ്റടിച്ചാണ് യാത്ര. കയ്യിലുള്ള കാശ് തീരുമ്പോ അനിയെ(ഐവി ശശിയുടെ മകൻ) വിളിക്കും. 100 രൂപ അക്കൗണ്ടിൽ ഇട്ടു കൊടുക്കാനാണ് പറയുക.

സിനിമയല്ല, ഒരു ഫാം ഹൗസാണ് അവൻ്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളുമൊക്കെയുള്ള ഒരു മിനി കാട്- കല്യാണി നാരദ ന്യൂസിനോട് പറഞ്ഞതാണിത്.