ശ്രീദേവി അന്തരിച്ചു; ഇന്ത്യയുടെ ഭാവ സൗന്ദര്യത്തിന് വിട

981

ചലച്ചിത്രതാരം ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചത്.

ഇന്ത്യന്‍ സിനിമാലോകത്തെ താരറാണിയായി വാണ ശ്രീദേവി 1967ല്‍ തമിഴില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ശിവകാശിയിലായിരുന്നു ജനനം.ശ്രീദേവി അയ്യപ്പന്‍ എന്നായിരുന്നു മുഴുവന്‍ പേര്.
‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.
1976 ല്‍ രജനീകാന്തിന്റെയും കമലാഹാസന്റെയും നായികയായി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ശ്രീദേവിക്ക്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ബോളിവുഡിലേക്ക് ചേക്കേറിയതോടെ സൂപ്പര്‍താരപദവിയിലെത്തി.

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട് ശ്രീദേവി.ദേവരാഗം,കുമാരസംഭവം എന്നിങ്ങനെ 26 ഓളം മലയാളസിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസകാരം ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം.

പതിമൂന്നാം വയസിലായിരുന്നു നായികപദവിയിലേക്ക് ഈ സൂപ്പര്‍ നായിക എത്തിയത്. അതും വെള്ളിത്തിരയിലെ വിസ്മയങ്ങളായ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം. 1976 ല്‍ പുറത്തിറങ്ങിയ ‘മുണ്ട്ര് മുടിച്ച്’എന്ന ചിത്രമായിരുന്നു അത. പിന്നീട് കമലിനൊപ്പം നിരവധി നായികാവേഷങ്ങള്‍ ചെയ്ത ശ്രീദേവി മുന്‍നിരതാരങ്ങളുടെ ഗണത്തിലേയ്ക്കുയര്‍ന്നു. സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അവിസ്മരണീയമാക്കിയ അവരെ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറെന്ന് ആരാധകര്‍ വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല.

തെന്നിന്ത്യന്‍ സിനിമാറാണി എന്ന പദവിയിലേക്കുയര്‍ന്ന ശേഷം ജൂലി എന്ന ചിത്രത്തിലൂടെ 1975ലാണ് ബോളീവുഡില്‍ അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ പക്ഷേ താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളായിരുന്നു ശ്രീദേവിയുടേത്. 1983 ല്‍ പുറത്തിറങ്ങിയ ഹിമ്മത്വാലയാണ് ശ്രീദേവിയുടെ ആദ്യത്തെ ബോളീവുഡ് ഹിറ്റ്. പിന്നീടങ്ങോട്ട് ശ്രീദേവി തന്റെ കഴിവും സൗന്ദര്യവും കൊണ്ട് ബോളിവുഡ് പിടിച്ചടക്കി.

ബോളിവുഡില്‍ തിരക്കേറിയ സമയത്തും മലയാള സിനിമയെ അവര്‍ മറന്നില്ല. മലയാള സിനിമയോടുള്ള അദമ്യമായ സ്‌നേഹം കാത്തുസൂക്ഷിച്ച ശ്രീദേവി ദേവരാഗമുള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളിക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായ ഗാനങ്ങളിലും ശ്രീദേവി എന്ന നായികയുടെ അഭിനയ പാടവം ദൃശ്യമായി.

ദേവരാഗത്തിലെ ശശിരകാല മേഘമിഥുന….., യയയാ യാ യാദവാ എനിക്കറിയാം, പ്രേമാഭിഷേകമെന്ന ചിത്രത്തിലെ നീലവാന ചോലയില്‍ എന്നിവയൊക്കെ അവയില്‍ ചിലത് മാത്രം. 1996ലാണ് നിരവധി ചിത്രങ്ങളില്‍ തന്റെ ഹിറ്റ് ജോഡിയായി അഭിനയിച്ച അനില്‍ കപൂറിന്റെ സഹോദരന്‍ ബോണികപൂറിനെ അവര്‍ വിവാഹംകഴിച്ചത്. പിന്നീട് സിനിമയില്‍ നിന്ന് താത്കാലിക ഇടവേളയെടുത്ത അവര്‍ 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. പുറത്തിറങ്ങാനിരിക്കുന്ന സീറോ എന്ന ചിത്രമാണ് ശ്രീദേവി ഏറ്റവും അവസാനമായി അഭിനയിച്ചത്.