കൊച്ചിയിൽ നാളെ രണ്ടുതാര വിവാഹങ്ങൾ; വിഷ്ണു ഉണ്ണികൃഷ്ണനും ബാലുവും വിവാഹിതരാകുന്നു..!!

843

2020 പിറന്നതോടെ മലയാളം സിനിമയിൽ വിവാഹത്തിന്റെ പൊടിപൂരം തന്നെയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായത്. കോട്ടയത്തു വെച്ചായിരുന്നു താരത്തിന്റെ വിവാഹം തുടർന്ന് സിനിമ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള റിസപ്ഷൻ കൊച്ചിയിൽ നടത്തുകയും ചെയ്തു.

ഇപ്പോഴിതാ ഒരു ദിവസം തന്നെ മറ്റ് രണ്ട് താരവിവാഹങ്ങള്‍ കൂടി നടക്കാന്‍ പോവുകയാണ്. അതില്‍ രസകരമായ കാര്യം രണ്ട് യുവതാരങ്ങളുടെ വിവാഹമാണ് ഫെബ്രുവരി രണ്ടിന് നടക്കുന്നത്. നടന്‍ ബാലു വര്‍ഗീസിന്റെയും തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള വിഷ്‌ണു ഉണ്ണികൃഷ്ണൻ ശ്രദ്ധ നേടുന്നത് അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി എത്തുന്നതിൽ കൂടി ആയിരുന്നു.

ബിബിൻ ജോർജ്ജും വിഷ്ണുവും ചേർന്നായിരുന്നു തിരക്കഥ. തുടർന്ന് നായകനായി കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രം ചെയ്തു. തന്റേത് പ്രണയ വിവാഹമല്ലെന്നും വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നെന്നും വിഷ്ണു പറഞ്ഞിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു കരുതിയതെങ്കിലും ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത് അവന് കൊച്ചായി.

ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്. അങ്ങനെയാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് താരം തുറന്ന് പറഞ്ഞത്. ഒടുവില്‍ ഫെബ്രുവരി രണ്ടിന് വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഐശ്വര്യയാണ് വധു. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. കോതമംഗലത്തുള്ള കലാ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ റിസ്പഷന്‍ ഉണ്ടാകും.

ബാലു വര്‍ഗീസും ഇതേ ദിവസം തന്നെയാണ് വിവാഹിതനാവുന്നത്. പുതുവര്‍ഷ ദിനത്തിലാണ് താന്‍ എലീനയുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹം ഉണ്ടാകുമെന്നും ബാലു വ്യക്തമാക്കിയത്. നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ വിവാഹനിശ്ചയവും കഴിഞ്ഞതോടെ ഫെബ്രുവരി രണ്ടിന് വിവാഹവും ഉറപ്പിച്ചു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് വിവാഹം. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍ വെച്ചാണ് വിവാഹ റിസപ്ഷന്‍.