ബോളിവുഡിലെ ഇഷ്ട താരങ്ങൾ ആണ് അജയ് ദേവ്ഗണ്ണും കാജോളും. സിനിമയിൽ ഇരുവരും വിവാഹത്തിന് ശേഷവും സജീവം ആണ്. സിനിമയും അതിന് ഒപ്പം അജയ് നൽകിയ സ്നേഹവും എല്ലാം ഒരു പോലെ നിൽക്കുമ്പോഴും ജീവിതത്തിൽ ഉണ്ടായ ഒരിക്കലും മറക്കാൻ കഴിയാത്ത വേദനയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സാമൂഹിക മാധ്യമ പേജിൽ കൂടി കാജോൾ. അജയ് ആയി ആദ്യം കണ്ടതും തങ്ങൾ ഇരുവരും അടുത്തതും പ്രണയിച്ചതും എല്ലാം താരം കുറിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
‘ഹൽ ചൽ’ന്റെ ലൊക്കേഷനിൽവച്ച് 25 വർഷം മുമ്പാണ് അജയ്‌യെ ആദ്യമായി കാണുന്നത്. ഗാഗ്ര ചോളിയണിഞ്ഞ് ഗാനരംഗത്തിനായി എത്തിയ ഞാൻ നായകന്‍ എവിടെയെന്ന് സംവിധായകനോട് ചോദിച്ചു. ലൊക്കേഷന്റെ ഒരു ഭാഗത്ത് എന്തോ ചിന്തിച്ച് ഇരിക്കുന്ന അജയ്‌യെ കണ്ടു. ആ സെറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. ആ കാലത്ത് ഞാനും അജയ്‌യും മറ്റു രണ്ടു പേരുമായി പ്രണയത്തിലായിരുന്നു.
ഞങ്ങൾ പരസ്പരം എല്ലാം തുറന്നു സംസാരിച്ചു. ഇടയ്ക്ക് കാമുകനെക്കുറിച്ചുള്ള പരാതി പോലും ഞാൻ അജയ്‌യോട് പറഞ്ഞു. ആ സിനിമ കഴിഞ്ഞ് രണ്ടുപേരും അവരവരുടെ തിരക്കുകളിലായി. ഇടയ്ക്കെപ്പോഴോ രണ്ടുപേരുടെയും പ്രണയങ്ങൾ തകർന്നു. ഞങ്ങൾ കാണാറും സംസാരിക്കാറുമുണ്ടായിരുന്നെങ്കിലും പ്രണയമാണെന്നോ ഇഷ്ടമാണെന്നോ അജയ് ഒരിക്കലും പറഞ്ഞിട്ടില്ല.
എങ്കിലും ഇഷ്ടമാണെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങൾ ഒന്നിച്ച് യാത്രകൾ ചെയ്തു കൈകോർത്ത് നടന്നു. അപ്പോഴൊക്കെ അജയ്‌യോട് ഒരുപാട് അടുക്കരുതെന്ന് എന്റെ സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ഞങ്ങൾ അടുത്തു. നാലുവർഷത്തോളം പരസ്പരം പറയാതെ പ്രണയിച്ചു. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അജയ്‌യുടെ വീട്ടിൽ എതിർപ്പുണ്ടായില്ല.
എന്റെ അച്ഛന് സമ്മതമായിരുന്നില്ല. കരിയറിൽ ശ്രദ്ധിക്കാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. നാലു ദിവസം അച്ഛൻ എന്നോട് മിണ്ടാതെ നടന്നെങ്കിലും ഒടുവിൽ വഴങ്ങി. പഞ്ചാബി മറാത്തി രീതികളിലായിരുന്നു വിവാഹം. മാധ്യമങ്ങളോട് വിവാഹ സ്ഥലം തെറ്റിച്ചു പറഞ്ഞു. ഞങ്ങൾക്ക് ഞങ്ങളുടെതായ സ്വകാര്യത ആവശ്യമായിരുന്നു.
വിവാഹശേഷം മധുവിധുവിനിടെ റോമിൽ വച്ച് അജയ്ക്ക് സുഖമില്ലാതായി. ഈജിപ്ത് യാത്ര ബാക്കിവച്ച് ഞങ്ങൾ നാട്ടിലെത്തി. ‘കഭി ഖുഷി കഭി ഗം’ ചിത്രീകരിക്കുമ്പോൾ ഞാൻ ഗർഭിണിയായിരുന്നു. എന്നാൽ ആ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടിയില്ല. ഗർഭം അലസി. സിനിമ വിജയിച്ചെങ്കിലും ഞാൻ സന്തോഷവതിയായിരുന്നില്ല.
രണ്ടാമത്തെ തവണയും ഗർഭം അലസിയതോടെ ഞാൻ മാനസികമായി തകർന്നു. അപ്പോഴെല്ലാം എന്നെ ചേർത്തുനിർത്തിയത് അജയ്‌യാണ്. രണ്ടുപേരും ഒരുപോലെ ദുഖിതരായിരുന്നുവെങ്കിലും ആ കാലത്തെയും ഞങ്ങൾ അതിജീവിച്ചു. ഇപ്പോൾ നൈസ, യുഗ് എന്നിവരുടെ മാതാപിതാക്കളാണ് ഞങ്ങൾ. കുടുംബം പൂർണ്ണമായിരിക്കുന്നു. – കാജോൾ കുറിക്കുന്നു.