ചിത്രം – ബോക്സോഫീസ് വിസ്മയത്തിന് 31 വർഷങ്ങൾ; വൈറൽ പോസ്റ്റ് ഇങ്ങനെ..!!

1385

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചിത്രം ചിത്രം റിലീസ് ചെയ്തിട്ട് 31 വർഷങ്ങൾ. ചിത്രം എന്ന സിനിമയുടെ ചരിത്ര കഥ മോഹൻലാൽ ആരാധകൻ സഫീർ അഹമ്മദിന്റെ വാക്കുകളിൽ കൂടി,

”ബോക്സ് ഓഫീസ് വിസ്മയ ചിത്രത്തിന്റെ 31 വർഷങ്ങൾ”

23 ഡിസംബർ 1988

‘ചിത്രം’ എന്ന സിനിമ മലയാളി മനസിൽ ചേക്കേറിയിട്ട്, മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ചിട്ട് ഇന്നേക്ക് 31 വർഷങ്ങൾ ആയി…
അതെ, മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ ഏത് എന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു, പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘ചിത്രം’…

‘ചിത്രം’ സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ് കമേഴ്സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത്… ചിത്രത്തിന് മുമ്പുള്ള 50 വർഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയ്ക്കൊ ചിത്രത്തിന് ശേഷമുള്ള 30 വർഷത്തെ മലയാള സിനിമയ്ക്കൊ ‘ചിത്രം’ നേടിയത് പോലെ ഉള്ള ജനപ്രീതിയൊ, ഒരു ഐതിഹാസിക സാമ്പത്തിക വിജയമൊ നേടാനായിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്…50 കോടി ക്ലബ്, 100 കോടി ക്ലബ് തുടങ്ങിയ ലേബലിൽ ഇന്ന് ബോക്സ് ഓഫീസിൽ ആഘോഷിക്കപ്പെടുന്ന പല സിനിമകളുടെ സ്ഥാനം ‘ചിത്രം’ എന്ന സിനിമയുടെ ഒരുപാട് പിന്നിലാണെന്നുള്ളതാണ് വസ്തുത….

മംഗല്യപുഴ എന്ന സാങ്കൽപ്പിക ഗ്രാമം, ആ ഗ്രാമത്തിലെ തമ്പുരാൻ തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്നു, മകൾ അച്ഛനെ കാണിക്കാനായി 15 ദിവസത്തേക്ക് ഭർത്താവായി അഭിനയിക്കാൻ ഒരാളെ വാടകയ്ക്ക് എടുക്കുന്നു, ആ 15 ദിവസങ്ങൾക്കുള്ളിൽ നായകനും നായികയും പരസ്പരം വേർപിരിയാനാകാത്ത വിധം അടുക്കുന്നു, അവസാനം നായകൻ തൂക്ക് കയറിലേക്ക് നടന്ന് നീങ്ങുമ്പോൾ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാൻ തീരുമാനിക്കുന്നു, ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു… ശുഭം..
ഇതാണ് ‘ ചിത്രം’ എന്ന സിനിമയുടെ കഥ… ലോകത്ത് എവിടെയും നടക്കാൻ സാധ്യതയില്ലാത്ത, ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത, ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു കഥ… ഇത്തരത്തിലുള്ള ഒരു കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ, പ്രേക്ഷകന്റെ ഇഷ്ട സിനിമയാക്കാൻ, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയ സിനിയാക്കാൻ മലയാള സിനിമയിൽ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ കഴിയൂ….

‘ചിത്രം’ എന്ന സിനിമയുടെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്…വിഷ്ണു എന്ന കഥാപാത്രമായി മികച്ച പെർഫോമൻസ് കാഴ്ച വെച്ചു… കുസൃതിയും തമാശയും ചമ്മലും സെന്റിമെന്റും ഒക്കെ ചേരുംപടി ചേർത്ത് അതി മനോഹരമായിട്ടാണ് വിഷ്ണുവിനെ പ്രിയദർശൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്… ശരിക്കും ഒരു വൺമാൻ ഷോ പെർഫോമൻസ്, അതിഗംഭീരം എന്നൊന്നും പറഞ്ഞാൽ പോരാ ആ ലാൽ ഭാവങ്ങളെ….
മോഹൻലാലിനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടൻ ആക്കിയതിൽ പ്രിയദർശൻ സിനിമകൾക്ക് ഉള്ള പങ്ക് ചെറുതല്ല… താളവട്ടം എന്ന സിനിമ ജനങ്ങൾക്കിടയിൽ മോഹൻലാലിന് നേടി കൊടുത്ത ജനപ്രീതിയും സ്വീകാര്യതയും വളരെ വലുതായിരുന്നു…. ‘ചിത്രം’ ആ ജനപ്രീതിയും സ്വീകാര്യതയും കൊടുമുടിയിൽ എത്തിച്ചു….

പ്രിയദർശൻ, മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർറ്റെയിൻ ചെയ്യിപ്പിച്ച വേറെ ഒരു സംവിധായകൻ ഉണ്ടാകില്ല… പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ… ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ…സ്ലാപ്സ്റ്റിക്ക് കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ അതിൽ നിന്ന് ചെറിയൊരു ചുവട് മാറ്റം നടത്തിയത് താളവട്ടം എന്ന സിനിമയിൽ ആയിരുന്നു… അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്, അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ, വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന ‘പ്രിയദർശൻ മാജിക്ക്’…താളവട്ടത്തിൽ വിജയിച്ച ആ ‘പ്രിയദർശൻ മാജിക്ക്’ അതേ അളവിൽ തന്നെ പ്രിയദർശൻ ചിത്രത്തിലും ഉപയോഗിച്ചു, അതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു…പേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു, തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത….

‘ചിത്രം’ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഏറ്റവും രസകരമായ രംഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും… കാരണം അത്ര മാത്രം രസകരമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു ‘ചിത്രം’… പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം’ രസകരമാകുന്നത് 22 ആം മിനിറ്റിലെ മോഹൻലാലിന്റെ എൻട്രിയോട് കൂടിയാണ്…
പിന്നീടങ്ങോട്ട് സോമന്റെ കഥാപാത്രത്തിന്റെ എൻട്രി വരെ പ്രേക്ഷകരെ രസിപ്പിക്കാത്ത, അവരുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നല്കാത്ത ഒരു സീൻ പോലും ഇല്ല എന്ന് നിസംശയം പറയാം… പതിനായിരം രൂപയ്ക്ക് വേണ്ടി മാന്യമായ എന്തും ചെയ്യും എന്ന് വിഷ്ണു പറയുമ്പോൾ ‘മോഷണം മാന്യമായ പണിയാണൊ’ എന്ന കൈമൾ തിരിച്ച് ചോദിക്കുന്ന രംഗം, വിരലുകൾ കൂട്ടിപ്പിടിച്ച് ഫോട്ടൊ എടുക്കുന്ന ആംഗ്യം കാണിക്കുമ്പോൾ ‘രചന, സംവിധാനം – പ്രിയദർശൻ’ എന്ന് എഴുതി കാണിക്കുന്ന രംഗം, ആദ്യ ദിവസത്തെ കൂലിയായ ആയിരം രൂപ കൈമളിൽ നിന്നും വാങ്ങിയ ശേഷം ‘ഈ നക്കാപ്പിച്ച എടപാടിന് പോകാതെ ഒരു അയ്യായിരമൊ ഒരു പത്തായിരമൊ ഒരുമിച്ച് ഇങ്ങോട് തന്നാൽ ഞാനെപ്പോഴും കാശ് കാശ് എന്ന് പറഞ്ഞ് കൈമൾ സാറിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല’ എന്ന് വിഷ്ണു ചിരിച്ച് കൊണ്ട് പറയുന്ന രംഗം, ശ്രീനിവാസന്റെ നമ്പ്യാർ ‘ഇതൊരു ആനയല്ല, ഇത് തേങ്ങല്ല, ഇത് ഒലക്കയുമല്ല’ എന്ന് പറയുന്ന രംഗം, ആദിവാസി ആചാരത്തിന്റെ ഭാഗമായി കല്യാണിയെ വടി കൊണ്ട് അടിച്ച ശേഷം ‘എത്ര മനോഹരമായ ആചാരങ്ങൾ, ഇങ്ങനെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാകുമോ എന്തൊ’ എന്ന് വിഷ്ണു പറയുന്ന രംഗം, വിഷ്ണു കർപ്പൂരം കൈയ്യിൽ വെച്ച് കത്തിക്കുന്ന രംഗം, ഇരുപതിനായിരം രൂപ വാങ്ങി വിഷ്ണു മുങ്ങാൻ പോകുമ്പോ കൈമൾ തടയുന്ന രംഗം, അച്ഛൻ വിഷ്ണുവിന്റെയും കല്യാണിയുടെയും റൂമിന്റെ അടുത്ത് ചെക്കിങിന് വരുമ്പൊ ‘എന്റെ കരളേ, ഓമനെ, തങ്കക്കുടമേ, ഞാനൊരു ഉമ്മ തരട്ടെ’ തുടങ്ങിയ ഡയലോഗുകൾ ഉള്ള രംഗം, വിഷ്ണുവിനെ പാവയ്ക്ക ജ്യൂസ് കുടിപ്പിക്കുന്ന രംഗം, ജ്യൂസ് കുടപ്പിച്ചതിന് പകരമായി കല്യാണിയെ കൊണ്ട് ശയനപ്രദക്ഷണം ചെയ്യിപ്പിക്കുമ്പോൾ അയ്യപ്പന്റെ കഥയിൽ ചില പരിഷ്കാരങ്ങൾ ഒക്കെ വന്നിട്ടുണ്ട് എന്ന് കൈമൾ പറയുന്ന രംഗം, നഖുമൊ ഗാനരംഗം, കല്യാണിയുടെ കഴുത്തിൽ താലി മാല ഇല്ലെന്ന് അറിഞ്ഞ് വിഷ്ണു ഓടി വന്ന് കല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോയി താലി മാല കെട്ടുന്ന രംഗം, അപ്പോൾ ഉള്ള ഗംഭീര പശ്ചാത്തല സംഗീതം, അതിന് ശേഷം ‘ വാങ്ങുന്ന കാശിനോട് ഒരല്പം കൂറ് കാണിച്ചുവെന്നേയുള്ളു, ക്ഷമിക്കണം’ എന്ന് വിഷ്ണു പറയുന്ന ഇന്റർവെൽ രംഗം, രാത്രിയിൽ വിഷ്ണുവിന് ഒരു ഗ്ലാസ് പാൽ കല്യാണി കൊണ്ട് കൊടുക്കുന്ന രംഗവും ഒപ്പമുള്ള പശ്ചാത്തല സംഗീതവും, കാടുമെ നാടുമെല്ലാം എന്ന ഗാനരംഗം, മൂന്ന് പേരും കൂടിയുള്ള മദ്യപാന രംഗം, തലയിൽ ഉമ്മ വെയ്ക്കുന്ന രംഗം, അത് കഴിഞ്ഞ് സുകമാരിയുടെ കഥാപാത്രത്തോട് ‘You are looking beautiful.. നിങ്ങൾ സുമുഖയാണ്, സുന്ദരിയാണ്, സുഭാഷിണിയാണ്, സുഭദ്രയാണ്’ എന്ന് വിഷ്ണു പറയുന്ന രംഗം, അത് കഴിഞ്ഞ് ‘എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല, ഞാനാണ് തറയിൽ കിടക്കേണ്ടവൻ, ഞാനാണ് തറ’ എന്നും പറഞ്ഞ് കല്യാണിയെ പൊക്കിയെടുത്ത് കട്ടിലിൽ ഇരുത്തുന്ന രംഗം, അത് കഴിഞ്ഞ് ‘You are the light of loneliness, love of my heart, dew of my desert, tune of my song & queen of my kingdom & I love yo‌u Kalyani’ എന്നും പറഞ്ഞ് കട്ടിലിലേക്ക് വിഷ്ണു വീഴുന്ന രംഗവും അതിന് അകമ്പടിയായി മനോഹരമായ പശ്ചാത്തല സംഗീതവും, കൈമളിനോട് ‘അങ്കിൾ, ഊണ് കാലായി, പിന്നെ വിളിച്ചോളൂട്ടൊ’ എന്ന് കല്യാണി പറയുന്ന രംഗം, കാശ് ചോദിച്ചിട്ട് കൊടുക്കാതെ വിഷ്ണു പിണങ്ങി പോയി തിരിച്ച് വരുന്ന രംഗം, ഇത്തരത്തിലുള്ള രസകരമായ രംഗങ്ങൾ പറയാൻ നിന്നാൽ ക്ലൈമാക്സ് രംഗം വരെയുള്ളത് പറയേണ്ടി വരും… എത്ര മനോഹരമായിട്ടാണ് പ്രിയദർശൻ ഈ രംഗങ്ങൾ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്…

മേല്പറഞ്ഞ രംഗങ്ങളിൽ ഭൂരിഭാഗവും ഒരൊരൊ രംഗത്തിന്റെ തുടർച്ചയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം… ഇത്രമാത്രം ഹ്യൂമറസായ രംഗങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിച്ചേർത്ത് ഇത്ര മനോഹരമായി വേറെ ഒരു സിനിമയിൽ അവതരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്… ലോജിക്കില്ലാത്ത ഒരു കഥയെ എത്ര രസകരമായിട്ടാണ്, അതിലുപരി എത്ര അടക്കും ചിട്ടയോടുമാണ് പ്രിയദർശൻ തിരക്കഥയാക്കിയിരിക്കുന്നത്… പ്രിയദർശൻ എന്ന തിരക്കഥാകൃത്തിന്റെ ടാലന്റ് മനസിലാകാൻ ഈ തിരക്കഥ തന്നെ ധാരാളം… മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഏറ്റവും ബോധ്യമുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രിയദർശൻ…. മോഹൻലാലിന്റെ ഒരു ചിരി തിയേറ്ററിലെ പൊട്ടിച്ചിരിയാക്കി മാറ്റിയെടുക്കാൻ പ്രിയദർശന് പ്രത്യേക ഒരു കഴിവ് ഉണ്ട്…. ഏഴെട്ട് മിനിട്ടോളം മോഹൻലാൽ നിറഞ്ഞാടിയ രംഗമാണ് കൈമളിനോട് കാശ് ചോദിച്ചിട്ട് കിട്ടാതെ ആകുമ്പോൾ വിഷ്ണു പിണങ്ങി പോകുന്ന രംഗം…ഗെയ്റ്റിന് പുറത്തേക്ക് കടന്നിട്ട് ഉടനെ തിരിച്ച് അകത്തേക്ക് കയറുമ്പോൾ, അത് കല്യാണി കാണുമ്പോൾ ഉള്ള ചമ്മലും ഒപ്പം വരുന്ന ചിരിയും… ഹൊ, തിയേറ്ററിൽ പ്രേക്ഷകരെ ആനന്ദത്തിന്റെയും പൊട്ടിച്ചിരിയുടെയും അങ്ങേയറ്റം എത്തിച്ച രംഗം… എത്രമാത്രം അനായാസമായിട്ടാണ്, ഭംഗിയായിട്ടാണ് മോഹൻലാൽ ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്… ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതൽ ആകർഷകമാക്കി….

‘ചിത്രം’ സിനിമയുടെ മറ്റൊരു ആകർഷണം ഷിബു ചക്രവർത്തി- കണ്ണൂർ രാജൻ ടീമിന്റെ അതി മനോഹരമായ പാട്ടുകൾ ആണ്… ചിത്രം റിലീസ് ഒരുപാട് മുമ്പ് തന്നെ അതിലെ പാട്ടുകൾ രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്തിരുന്നു…. സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ പാട്ടുകൾ ഹിറ്റായിരുന്ന ആ കാലത്ത് ചിത്രത്തിലെ പാട്ടുകൾ എന്ത് കൊണ്ടൊ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല… റിലീസായതിന് ശേഷമാണ് ചിത്രത്തിലെ പാട്ടുകൾ ഹിറ്റായത്…. അത് വെറും ഹിറ്റ് എന്ന് പറഞ്ഞാൽ പോരാ, സിനിമ പോലെ തന്നെ സർവ്വകാല ഹിറ്റായിരുന്നു എല്ലാ പാട്ടുകളും… മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുള്ളത് ചിത്രത്തിന്റെതാണ്, ഏകദേശം അഞ്ച് ലക്ഷത്തോളം ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുണ്ടെന്നാണ് അറിവ്… ഈ സൂപ്പർ ഹിറ്റായ ആറ് പാട്ടുകളിൽ രണ്ട് പാട്ടുകൾ ക്ലാസിക്കൽ പാട്ടുകളായിരുന്നു എന്നതാണ് കൗതുകമുണർത്തുന്ന കാര്യം… ഹ്യൂമർ ടച്ച് ഉള്ള ഒരു കമേഴ്സ്യൽ സിനിമയിൽ രണ്ട് ക്ലാസിക്കൽ പാട്ടുകൾ, ആ പാട്ടുകൾ സിനിമയിലെ മറ്റ് പാട്ടുകൾ പോലെ തന്നെ സൂപ്പർ ഹിറ്റാകുക, സാധാരണക്കാർ വരെ ആ ക്ലാസിക്കൽ പാട്ടുകളുടെ വരികൾ ഏറ്റ് പാടുക എന്നതൊക്കെ ‘ചിത്രം’ സിനിമയ്ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകളാണ്…
എം ജി ശ്രീകുമാർ എന്ന ഗായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയത് ചിത്രത്തിലൂടെയാണ്….
ചിത്രത്തിലെ പാട്ടുകൾക്ക് മോഹൻലാൽ കൊടുത്ത ഭാവങ്ങളും ലിപ് മൂവ്മെന്റുകളും ഗംഭീരമാണ്….ഇന്ത്യൻ സിനിമയിൽ ഗാന രംഗങ്ങൾക്ക് ഏറ്റവും നന്നായി ലിപ് മൂവ്മെന്റ് കൊടുക്കുന്ന നടൻ ആര് എന്നൊരു മൽസരം നടക്കുകയാണെങ്കിൽ മലയാള സിനിമയുടെ എൻട്രിയായി ചിത്രത്തിലെ ‘സ്വാമിനാഥ’, ‘നഖുമൊ’ എന്നീ രണ്ട് ഗാന രംഗങ്ങൾ മാത്രം അയച്ചാൽ മതി, മോഹൻലാൽ ഉറപ്പായും ഒന്നാം സ്ഥാനം നേടിയിരിക്കും…

1988 ഡിസംബർ 23 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാൻ ‘ചിത്രം’, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ… സാധാരണ പ്രിയൻ-ലാൽ സിനിമകൾക്ക് ആദ്യ ദിവസത്തിൽ ഉണ്ടാകാറുള്ള വൻ തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ മാറ്റിനി കാണാൻ തിയേറ്ററിൽ എത്തിയത്…
തിരക്കുള്ള സിനിമയാണെങ്കിൽ മുഗൾ തിയേറ്ററിൽ ജോലി ചെയ്യുന്ന ഒരു ബന്ധു വഴിയാണ് സാധാരണ ടിക്കറ്റ് സംഘടിപ്പിക്കാറ്… പക്ഷെ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച എന്നെ അമ്പരിപ്പിച്ചു, കാരണം പതിവിന് വിപരീതമായി തിയേറ്റർ കോമ്പൗണ്ട് അന്ന് കാലിയായിരുന്നു… എന്റെ അനുഭവത്തിൽ കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിലൊന്നായ കൊടുങ്ങല്ലൂരിൽ റിലീസ് ദിവസം ഹൗസ് ഫുൾ ആകാതെ പ്രദർശിപ്പിച്ച ആദ്യ മോഹൻലാൽ സിനിമ ‘ചിത്രം’ ആണ്…’ചിത്രം’ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ എനിക്ക് ലഭിച്ച സന്തോഷവും ക്ലൈമാക്സിൽ ഞാൻ അനുഭവിച്ച നൊമ്പരവും വർണനാതീതമാണ്… ഒടുവിൽ ഒരിറ്റ് കണ്ണീരോടെ, ഒപ്പം പൂർണ സംതൃപ്തിയോടെ തിയേറ്ററിന്റെ പുറത്തേക്ക് വന്ന എന്നെ നേരത്തെ സൂചിപ്പിച്ച ‘പ്രിയദർശൻ മാജിക്ക്’ അപ്പൊഴേക്കും പിടി കൂടിയിരുന്നു, സിനിമ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം…
അങ്ങനെ ഞാൻ 5 പ്രാവശ്യമാണ് ‘ചിത്രം’ മുഗൾ/മിനി മുഗൾ തിയേറ്ററിൽ നിന്നും കണ്ടത്…. 31 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു മലയാള സിനിമയും ഞാൻ 5 പ്രാവശ്യം തിയേറ്ററിൽ നിന്നും കണ്ടിട്ടില്ല… കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ 63 ദിവസങ്ങൾ പ്രദർശിപ്പിച്ചത് ചിത്രമായിരുന്നു… അത് പോലെ തന്നെ കൊടുങ്ങല്ലൂരിൽ ആദ്യമായി ഒരു സിനിമ രണ്ട് തിയേറ്ററുകളിൽ ഒരേ സമയം പ്രദർശിപ്പിച്ചതും ചിത്രമായിരുന്നു, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനോട് അനുബന്ധിച്ച്…. റിലീസ് ആയി കഴിഞ്ഞ് നാലാം വാരത്തിലാണ് ഈ രണ്ട് തിയേറ്ററുകളിലും പ്രദർശിപ്പിച്ചത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്…

കൊടുങ്ങല്ലൂരിൽ മാത്രം അല്ല, കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ തണുപ്പൻ സ്വീകരണം തന്നെ ആയിരുന്നു, അതും ഒരു പ്രിയൻ-ലാൽ സിനിമയ്ക്ക്… പക്ഷെ ആദ്യ ദിവസങ്ങളിലെ തണുപ്പൻ പ്രതികരത്തിന് ശേഷം സ്ഥിതിഗതികൾ പാടെ മാറി, പിന്നീട് നടന്നത് മലയാള സിനിമ ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ ആയിരുന്നു… തിയേറ്ററുകൾ ജനസമുദ്രമായി, നാടെങ്ങും ചിത്രം ചർച്ച വിഷയമായി, കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കണ്ടു, പുതിയ ബോക്സ് ഓഫിസ് റെക്കോഡുകൾ സൃഷ്ടിക്കപ്പെട്ടു….
മലയാള സിനിമയിൽ ഒരു സിനിമയ്ക്ക് തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റഡ് ഓഡിയൻസിനെ കിട്ടിയിട്ടുള്ളത് ചിത്രത്തിനായിരിക്കും… അത് കൊണ്ട് തന്നെയാണ് A,B & C ക്ലാസ് തിയേറ്ററുകളിൽ ചിത്രത്തിന് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണം കിട്ടിയത്…

21 A ക്ലാസ് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ചിത്രം’ 16 തിയേറ്ററുകളിൽ 50 ദിവസവും,
6 തിയേറ്ററുകളിൽ 100 ദിവസവും,
5 തിയേറ്ററുകളിൽ 150 ദിവസവും,
4 തിയേറ്ററുകളിൽ 200 ദിവസവും,
3 തിയേറ്ററുകളിൽ 225 ദിവസവും,
2 തിയേറ്ററുകളിൽ 300 ദിവസവും,
1 തിയേറ്ററിൽ റെഗുലർ ഷോയിൽ 366 ദിവസവും പ്രദർശിപ്പിച്ച് മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ രചിച്ചു… ഒപ്പം B & C ക്ലാസ് തിയേറ്ററുകളിലും അത്ഭുതകരമായ റൺ കിട്ടി… ചിത്രം രചിച്ച ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പലതും 31 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു സംവിധായകനോ നടനൊ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത…. ഇനി വർഷങ്ങൾ കഴിഞ്ഞാലും ചിത്രത്തിന്റെ ആ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കപ്പെടുമെന്നും തോന്നുന്നില്ല….
ചുരുക്കി പറഞ്ഞാൽ മലയാള സിനിമ ബോക്സ് ഓഫീസിലെ ‘ഷോലെ’ ആണ് പ്രിയദർശൻ-ലാൽ ടീമിന്റെ ‘ചിത്രം’…

ചിത്രത്തെ കുറിച്ച് എഴുതുമ്പോൾ രണ്ട് മൂന്ന് രംഗങ്ങൾ കൂടി പരാമർശിച്ചില്ലെങ്കിൽ അതൊരിക്കലും പൂർണമാകില്ല…
അത്രമാത്രം പേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ രംഗങ്ങൾ ആയിരുന്നു അവ.. അതിലൊന്ന് തന്റെ മകനെ കാണാനായി വിഷ്ണു ഓർഫനേജിൽ ചെന്നിട്ടുള്ള രംഗമാണ്… മകനെ കളിപ്പിച്ച ശേഷം ‘ഞാനൊരു മുത്തശ്ശിക്കഥ കേട്ടീട്ടുണ്ട്, മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്, അവരെ കാണാൻ മോഹിക്കുന്നവര് ആകാശത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി കാണിക്കും.. എന്റെ മോന് മിണ്ടാനായാൽ, ഇവൻ ഇവന്റെ അച്ഛനെ കുറിച്ച് ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി എന്റെ മോന് അവന്റെ അച്ഛനെ കാണിച്ച് കൊടുക്കണം’ എന്ന് കല്യാണിയോട് വിഷ്ണു പറയുന്നത് ഹൃദയസ്പർശിയാണ്…
പിന്നെ ജയിൽ സൂപ്രണ്ടിനോട് ‘സർ, ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാൻ പറ്റൊ’ എന്ന് വിഷ്ണു ചോദിക്കുന്ന രംഗം… ഓവർ ആക്റ്റിങ്ങിലേക്ക് വഴുതി പോകാൻ സാധ്യതയുള്ള രംഗമായിട്ട് കൂടി എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര നാച്ചുറലായിട്ടാണ് മോഹൻലാൽ ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്…കൂടെ പശ്ചാത്തലത്തിൽ വരുന്ന ഹമ്മിങ് ഈ രംഗങ്ങളുടെ തീവ്രത പ്രേക്ഷകരുടെ മനസിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നതിന് സഹായിച്ചു …
‘നാളെ വെളുക്കും വരെ ഓർമിക്കാൻ കുറെ മനോഹരമായ ദിവസങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ കല്യാണിക്കുട്ടി, നന്ദി’ എന്നും പറഞ്ഞ് വിഷ്ണു പോകുന്ന രംഗം വിങ്ങുന്ന മനസോടെയാണ് പ്രേക്ഷകർ അനുഭവിച്ചത്.. ജീപ്പിൽ കയറി പോകും നേരം അവസാനമായി കല്യാണിയെ തന്റെ കൈവിരൽ ക്യാമറ കൊണ്ട് കണ്ണിലേക്ക് വിഷ്ണു ഒപ്പിയെടുത്തപ്പോൾ മോഹൻലാൽ എന്ന അതുല്യ നടനെ എന്നന്നേക്കുമായി തങ്ങളുടെ മനസിലേക്ക് ഒപ്പിയെടുത്തിട്ടാണ് ‘filmed by priyadarsan’ എന്ന എന്റ് ടൈറ്റിലും കണ്ട് തിയേറ്ററിൽ നിന്നും പ്രേക്ഷകർ വിങ്ങുന്ന മനസോടെ, അതേ സമയം പൂർണ സംതൃപ്തിയോടെ പുറത്തേക്ക് ഇറങ്ങിയത്…

മോഹൻലാലിനൊപ്പം നെടുമുടി വേണു, രഞ്ജിനി, ശ്രീനിവാസൻ, പൂർണ്ണം വിശ്വനാഥ്, ലിസി തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു… എസ് കുമാറിന്റെ ഛായാഗ്രഹണം പതിവ് പ്രിയദർശൻ സിനിമ പോലെ തന്നെ മനോഹരമായിരുന്നു… പിന്നെ എടുത്ത് പറയേണ്ടത് ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതമാണ്… ചിത്രം എന്ന സിനിമയെ പ്രേക്ഷകർക്ക് ഇത്രയും നല്ല അനുഭവം ആക്കി മാറ്റുന്നതിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല…

31 വർഷങ്ങൾക്കിപ്പുറവും ‘ചിത്രം’ എന്ന സിനിമ ബോക്സ് ഓഫിസിൽ തല ഉയർത്തി പിടിച്ച് നിന്ന് ഒന്നാം സ്ഥാനം അലങ്കരിക്കുന്നു എങ്കിൽ അത് പ്രിയദർശൻ എന്ന സംവിധായകന്റെ മനോഹരമായ അവതരണം കൊണ്ടാണ്, മോഹൻലാൽ എന്ന അതുല്യ നടന്റെ മികച്ച പ്രകടനം കൊണ്ടാണ്, പ്രേക്ഷകർ തങ്ങളുടെ നെഞ്ചോട് ചേർത്ത് വെച്ച സിനിമ ആയത് കൊണ്ടാണ്….

‘ചിത്രം’ എന്ന എക്കാലത്തെയും വലിയ ജനപ്രിയ സിനിമ സമ്മാനിച്ച രചയിതാവും സംവിധായകനുമായ പ്രിയദർശൻ, നിർമ്മാതാവ് PKR പിള്ള, പിന്നെ വിഷ്ണുവായി തകർത്താടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു

സഫീർ അഹമ്മദ്

31 years of #ചിത്രം