രാവിലെ ഉത്രയുടെ വീട സന്ദർശിച്ച വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ നിർദ്ദേശനുസരണം ഉത്രയുടെ മാതാപിതാക്കൾ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുകയും കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ സൂരജിന്റെ മാതാപിതാക്കൾക്കെതിരെ വനിതാകമ്മീഷനും കേസെടുത്തിരുന്നു.
തുടർന്ന് ഉച്ചക്ക് 2.30 ന് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളെ ഏൽപ്പിക്കാൻ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.കെപി. സജിനാഥ് ഉത്തരവിറക്കി. ഈ ഉത്തരവിന്റെ പകർപ്പുമായി അഞ്ചൽ് പൊലീസ് സ്റ്റേഷനിലെത്തിയ ഉത്രയുടെ പിതാവ് വിജയസേനൻ ഉത്തരവിന്റെ പകർപ്പ് അഞ്ചൽ സിഐക്ക് കൈമാറി. കുട്ടിയെ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തിക്കാൻ സൂരജിന്റെ മാതാപിതാക്കളെ അറിയിച്ചു എങ്കിലും കുട്ടിയെ വിട്ട് നൽകാൻ ആകില്ലെന്ന് നിലപാടിലായിരുന്നു ഇവർ.
തുടർന്ന് അടൂർ പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയെ വീണ്ടെടുക്കാൻ അഞ്ചൽ പൊലീസ് ശ്രമിച്ചു. അഞ്ചൽ പൊലീസിലെ ഉദ്യോഗസ്ഥരും അടൂർ പൊലീസും സംയുക്തമായി പറക്കോടുള്ള സൂരജിന്റെ വീട് പരിശോധിച്ചെങ്കിലും സൂരജിന്റെ മാതാപിതാക്കളേയും സഹോദരിയേയും കുട്ടിയേയും കണ്ടെത്താനായില്ല. പൊലീസ് എത്തിയപ്പോഴേക്കും സീൂരജിന്റെ വീട്ടുകാർ കടന്നുകളയുകയായിരുന്നു. തുടർന്ന് സൂരജിന്റെ ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അഞ്ചൽ അടൂർ പൊലീസ് സംയക്തമായ തിരച്ചിൽ നടത്തുകയാണ്. ഇവർ കുട്ടിയുമായി കൊച്ചിയിലേക്ക് കടന്നതായിട്ടാണ് സൂചന. മൊബൈല് ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി സൂചന. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് ഉത്രയുടെ സഹോദരൻ പറയുന്നു.