നെഞ്ചിടിപ്പോടെ ദിലീപ്; നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായി..!!

771

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിയിലെ വിചാരണ നടപടികൾ പൂർത്തിയായിരിക്കുകയാണ്. ഇന്നലെ നടിയെ ആക്രമിച്ച ശേഷം പ്രതികൾ പകർത്തിയ വീഡിയോ വിചാരണ കോടതി പരിശോദിച്ചു. ആക്രമണത്തിന് ഇരയായ നടിയും വനിതാ ജഡ്ജിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയിൽ നിന്നും ഒഴിവാക്കിയ ശേഷം ആയിരുന്നു പരിശോധന നടന്നത്. വാഹനം ഉൾപ്പെടെ ഉള്ള തൊണ്ടി മുതലുകൾ നടി കോടതിയിൽ തിരിച്ചറിഞ്ഞു. താൻ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളും ആണ് നടി തിരിച്ചറിഞ്ഞത്.

എതിർ വിസ്താര സമയത്ത് അഭിഭാഷകർക്കൊപ്പം പ്രതികൾക്ക് ദൃശ്യങ്ങൾ കാണാം. അതേസമയം കേസില്‍ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസിലെ പ്രതിയായ ദിലീപിന്റെ അപേക്ഷ പ്രകാരമാണ് ചണ്ഡീഗഡ് ലാബില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ അയച്ചത്.

ഈ ആഴ്ച തന്നെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പ്രതിയായ ദിലീപിന് കോടതി നല്‍കിയേക്കുമെന്ന് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചണ്ഡീഗഡില്‍ പരിശോധന പൂര്‍ത്തിയായതായി അറിയിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വാങ്ങാന്‍ കൊച്ചിയിലെ പ്രത്യേക കോടതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചണ്ഡീഗഡിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പകര്‍ത്താന്‍ പെന്‍ഡ്രൈവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

വിമാനമാര്‍ഗ്ഗം ചൊവ്വാഴ്ച ചണ്ഡീഗഡിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുമായി ബുധനാഴ്ച തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. തനിക്ക് എതിരെയുള്ള തെളിവായി പറയുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണ് എന്നാണ് ദിലീപ് വാദിക്കുന്നത്.