ലോകം കൊറോണ വൈറസ് ബാധയിൽ ആയിരുക്കുമ്പോൾ കേരളത്തിൽ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തു കഴിയുകയും കൂടുതൽ ജാഗ്രത പുലർത്തുന്ന വേളയിൽ ആണ് ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന ഡോക്ടർ രജിത് കുമാറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു മുൻകരുതലുകളും ഇല്ലാതെ ആരാധകർ വമ്പൻ സ്വീകരണം നൽകിയത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ ആണ് പല ഇടങ്ങളിൽ നിന്നും പ്രതികരണം എത്തുന്നത്. ഡോക്ടർ ഷിംന അസിസ് പറയുന്നത് ഇങ്ങനെ..
മനുഷ്യർക്ക് അധ:പതിക്കാവുന്നതിന് ഒരറ്റമുണ്ട്. ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ് 19 തുരത്താൻ വേണ്ടി ആവുന്നതെല്ലാം ചെയ്യുകയാണ്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്നത് തടയാൻ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി #Breakthechain ക്യാംപെയിൻ തുടങ്ങിയ ദിവസമാണിന്ന്.
എന്നിട്ട്, സഹമത്സരാർത്‌ഥിയുടെ കണ്ണിൽ മുളക് തേച്ചു എന്ന് പറയപ്പെടുന്ന (ബിഗ് ബോസ് അറിയാതെ പോലും കണ്ടിട്ടില്ല, ഇനിയൊട്ട് കാണുകയുമില്ല) ഒരു ഭൂലോക സ്ത്രീവിരുദ്ധൻ പുറത്തായതിന് അയാളെ സ്വീകരിക്കാൻ എയർപോർട്ടിൽ ഇജ്ജാതി ആൾക്കൂട്ടം ! ഒരു കാരണവശാലും അനുവദിച്ചു കൂടാത്ത ഒന്ന്.
ജീൻസിട്ടാൽ ‘ട്രാൻസ്‌ജെന്റർ കുഞ്ഞ്’ ജനിക്കുമെന്നും യൂട്രസ് സ്ലിപ് ആവുമെന്നും പറഞ്ഞ് നടന്ന രജിത് കുമാർ, അമ്മയോ കുഞ്ഞോ നിഷേധികളാകുമ്പോഴാണ് സെറിബ്രൽ പാൽസിയോ ഓട്ടിസമോ ഉള്ള കുഞ്ഞുണ്ടാകുന്നത് എന്ന് വലിയ വായിൽ മൊഴിഞ്ഞിരുന്നൊരാൾ… പൊളിറ്റിക്കൽ ഇൻകറക്‌ട്‌നസിന് കൈയും കാലും മുളച്ചവൻ !
പേരിന് മുന്നിൽ ‘ഡോ.’ എന്ന് വന്നത് പിഎച്ച്‌ഡി ഉള്ളതിനാലാണ് എന്നത് സൗകര്യപൂർവ്വം മൗനം പാലിച്ച് മറച്ച് വെച്ച് ശരീരശാസ്‌ത്രമെന്ന പേരിൽ മനസ്സിലെ വിഷമൊഴിച്ച് ആളുകളെ നശിപ്പിക്കാൻ വെച്ച രജിത് കുമാർ…
എന്നിട്ട്, നാട് മഹാമാരിയിൽ പെട്ട് കിടക്കുമ്പോൾ അയാൾക്ക് വേണ്ടി രോഗം വരാൻ സാധ്യതയുള്ള വിധം ആൾക്കൂട്ടം ചേർന്നിരിക്കുന്നു. ആരുമില്ലേ ഇവിടെ ഇതിന് തടയിടാൻ? എന്തൊരു അക്രമമാണിത് !
അങ്ങോട്ട് മാറി നിൽക്കണം മനുഷ്യരേ… കോവിഡ് 19 കളിതമാശയല്ല. കൈയീന്ന് പോയാൽ ‘ബിഗ് ബോസ്’ അല്ല ‘ബിഗ് ലോസ്’ ആയിരിക്കും.
ഇപ്പോൾ ഭയമല്ല വേണ്ടത്, നിതാന്തമായ ജാഗ്രതയാണ്. പിഴച്ചാൽ ഇത് വേരോടെ പിഴുതെടുത്തേക്കും.
അണ്ണനെ ‘ഉയിർ’ എന്ന് വിളിക്കണേൽ ശകലമെങ്കിലും ഉയിര് ബാക്കി വേണമല്ലോ… !
Dr. Shimna Azeez