അവിയല്‍ ഉണ്ടാക്കുന്ന വിധം .

1713

ആവശ്യമുള്ള സാധനങ്ങൾ:
വിവിധതരം പച്ചക്കറികൾ – “അവിയലിൽ ചേരാത്ത കഷ്ണമില്ല” എന്നാണ് ചൊല്ല്. എന്നാലും സാധാരണയായി ഉപയോഗിക്കുന്നത് കായ, ചേന, കുമ്പളങ്ങ/വെള്ളരി, പാവയ്ക്ക, കാരറ്റ്, കൊത്തമര, ബീൻസ്/പയർ, മുരിങ്ങക്കായ,വഴുതനങ്ങ മുതലായവയാണ്. എല്ലാംകൂടി എകദേശം ഒരു കിലോ എന്നു വയ്ക്കുക.

പച്ചമുളക് – 8-10 എണ്ണം.

തേങ്ങ ചിരകിയത് – അവിയലിന് “കഷ്ണത്തിൻ പാതി തേങ്ങ” എന്നാണ് പറയുക. അതുകൊണ്ട് തേങ്ങയുടെ കാര്യത്തിൽ ഒട്ടും പിശുക്ക് വേണ്ട.

പുളി – ആവശ്യത്തിന്. (പുളിയുടെ കാര്യത്തിൽ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ട്. ഞങ്ങളുടെ വീട്ടിൽ പുളിയാണ് പണ്ടുമുതലേ ഉപയോഗിക്കുന്നത്. എന്റെ ഭർതൃഗൃഹത്തിൽ പുളിയ്ക്കു പകരം തൈരാണ് ഉപയോഗിക്കാറ്. ചിലർ പച്ചമാങ്ങയാണ് ചേർക്കുക.)

പിന്നെ ജീരകം, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ഒക്കെ ആവശ്യം പോലെ

ഉണ്ടാക്കുന്ന വിധം:

പച്ചക്കറികൾ എല്ലാം കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. (കായയുടെ തൊണ്ടു കളയേണ്ട ആവശ്യമില്ല). പച്ചമുളകും രണ്ടായി കീറി ഇതിലിടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കിയശേഷം ചുവടു കട്ടിയുള്ള പാത്രത്തിലിട്ട് നികക്കെ വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കുക (കുക്കറിൽ വേവിയ്ക്കരുത്). ഒന്നു ചൂടായാൽ പുളി പിഴിഞ്ഞതും ചേർക്കാം. ഒരു വാഴയിലകൊണ്ട് അടച്ചു വേവിയ്ക്കുന്നത് അവിയലിന്റെ സ്വാദ് കൂട്ടും. ഇടയ്ക്കിടെ ഇളക്കികൊടുക്കുക

തേങ്ങ ജീരകം ചേർത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. മിക്സിയിലാണെങ്കിൽ വെള്ളം ചേർക്കാതെ ഒന്നു തിരിച്ചെടുത്താൽ മതിയാവും.

കഷ്ണങ്ങൾ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാൽ വാങ്ങിവയ്ക്കാം. അതിനുശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കണം.

അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാൻ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.

സ്വാദിഷ്ടമായ അവിയൽ റെഡി!