പകരം വീട്ടി ന്യൂസിലാൻഡ്; കൂറ്റൻ സ്‌കോർ നേടിയിട്ടും ഇന്ത്യക്ക് പരാജയം..!!

1244

ട്വന്റി 20 മത്സരത്തിൽ തുടർച്ചയായി അഞ്ചു പരാജയം ഏറ്റുവാങ്ങിയ ന്യൂസിലാൻഡ് ആദ്യ ഏകദിന മത്സരത്തിൽ കൂടി പകരം വീട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് ആണ് നേടിയത്. ഏകദിന കരിയറിലെ കന്നി സെഞ്ചുറിയാണ് ശ്രേയസ് അയ്യർ ഇന്ന് ഹാമിൽട്ടനിൽ നേടിയത്. 107 പന്തിൽ നിന്ന് 103 റൺസാണ് അയ്യർ നേടിയത്.

11 ഫോറും ഒരു സിക്‌സും അടക്കമാണ് അയ്യരുടെ സെഞ്ചുറി. കരിയറിലെ 16 ആം ഏകദിന മത്സരത്തിലാണ് ശ്രേയസ് അയ്യർ ആദ്യ മൂന്നക്കം തികയ്‌ക്കുന്നത്. ഇതുവരെ ഏഴ് അർധ സെഞ്ചുറികൾ അയ്യർ നേടിയിട്ടുണ്ട്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കെ.എൽ.രാഹുൽ 64 പന്തിൽ നിന്ന് 88 റൺസുമായി പുറത്താകാതെ നിന്നു.

ആറ് സിക്‌സും മൂന്ന് ഫോറും അടക്കമാണ് രാഹുൽ 88 റൺസ് അടിച്ചുകൂട്ടിയത്. നായകൻ വിരാട് കോഹ്‌ലി 63 പന്തിൽ നിന്ന് 51 റൺസ് നേടി പുറത്തായി. കേദാർ ജാദവ് 16 പന്തിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

11 ബോൾ ബാക്കി നിൽക്കുമ്പോൾ ഇന്ത്യ പടുത്തുയർത്തിയ ലക്ഷ്യം കിവീസ് മറികടന്നു. ഗുപ്റ്റിൽ 32 റൺസ് നേടിയപ്പോൾ നിക്കോൾസ് 78 റൺസും ലാതം 69 റൺസും നേടി. വമ്പൻ അടി നടത്തിയ റോസ് ടൈലർ ആണ് വിജയം നേടിക്കൊടുത്തത്. 84 ബോളിൽ നിന്നും 109 റൺസ് നേടി പുറത്താകാതെ നിന്നു.