ഡെല്‍ഹിയിലെ മഞ്ഞപ്പട ആരാധകര്‍ ഹ്യൂമേട്ടനെ ഞെട്ടിച്ചു!

1240

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശക്തി ഊണിലും ഉറക്കത്തിലും ജയത്തിലും തോല്‍വിയും വീഴ്ച്ചകളിലും ഒപ്പം നില്‍ക്കുന്ന മഞ്ഞപ്പടയെന്ന ആരാധകക്കൂട്ടമാണ്. രാജ്യത്ത് ഏതു സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങിയാലും വലിയ പിന്തുണയുമായി ഈ ആരാധകക്കൂട്ടം ഗ്യാലറിയിലുണ്ടാകും. ഡെല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിലും കണ്ടു മഞ്ഞപ്പട കൂട്ടായ്മയുടെ ശക്തി. പാതിപോലും നിറയാത്ത സ്റ്റേഡിയത്തില്‍ ഹോംടീമായ ഡൈനാമോസിന് പിന്തുണയുമായെത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാല്‍ ഗ്യാലറികളില്‍ മഞ്ഞയില്‍ കുളിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കളിക്കാരെ പോലും ഞെട്ടിച്ചു. മത്സരശേഷം ഗ്യാലറിയെ അഭിവാദനം ചെയ്ത ശേഷമാണ് ഡേവിഡ് ജെയിംസും സംഘവും ഹോട്ടലിലേക്ക് മടങ്ങിയത്.

കളിക്കുശേഷം ഹാട്രിക്ക് നേടിയ ഇയാന്‍ ഹ്യൂം പോലും പറഞ്ഞത് ഗ്യാലറിയിലെ പിന്തുണ ഞെട്ടിച്ചെന്നാണ്. ഹ്യൂമിന്റെ വാക്കുകള്‍ ഇങ്ങനെ- 16,000-17,000 കാണികള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ 6,000ത്തിനു മുകളില്‍ നമ്മുടെ ആരാധകരായിരുന്നു. (പതിനായിരത്തിനടുത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന) സത്യത്തില്‍ ഞങ്ങളുടെ കരുത്ത് ഈ ആരാധകക്കൂട്ടമാണ്. അവര്‍ അര്‍ഹിച്ചതിലും ചെറിയ പ്രതിഫലമാണ് ഈ സീസണില്‍ ഞങ്ങള്‍ക്ക് കൊടുക്കാനായത്. എങ്കിലും ടീമിനൊപ്പം നില്‍ക്കുന്ന ആരാധകര്‍ക്ക് വലിയ നന്ദി.

മഞ്ഞപ്പട ഡെല്‍ഹി വിംഗിന്റെ നേതൃത്വത്തിലാണ് ഡൈനാമോസിനെതിരായ മത്സരത്തില്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്. ആടിയും പാടിയും അവര്‍ മത്സരം അവിസ്മരണീയമാക്കി. ടീം മത്സരത്തിനായി എത്തിയ രാത്രിയിലും തണുപ്പ് അവഗണിച്ച് നൂറുകണക്കിന് ആരാധകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ആരാധകര്‍ക്കൊപ്പം കുറച്ചുനിമിഷങ്ങള്‍ ചെലവഴിച്ചാണ് ടീം ഹോട്ടലിലേക്ക് മടങ്ങിയതും.