ആദ്യമേ പറയട്ടേ ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ റൂട്ടിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനുള്ള ചെറിയൊരു ശ്രമമാണിത്. അതുകൊണ്ട് തെറ്റുകളുണ്ടങ്കിൽ ക്ഷമിക്കണം. അതിനു മുമ്പ് Note the points..
# ഇവിടെ കാണിച്ചിട്ടുള്ള ദൂരങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
# ഓരോ സ്ഥലങ്ങളും പ്രധാന പാതയിൽ അവയോ അവയിലേക്ക് ബന്ധിപ്പിക്കുന്ന റോഡുകളോ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
# ഓരോ സ്ഥലങ്ങൾക്കും പ്രാദേശികമായി മറ്റു പേരുകൾ ഉണ്ടാകാം.
# പ്രവേശനാനുമതിയിലും ലൊക്കേഷനിലും സംശയമുള്ള സ്ഥലങ്ങൾ ” * ” ചിഹ്നത്തിന് നേരെ നൽകിയിരിക്കുന്നു.
# പ്രളയനാന്തരം ഇടുക്കിയിലെ പല പ്രധാന റോഡുകളും ഉൾനാടൻ റോഡുകളും ഇപ്പോഴും തകർന്നു കിടക്കുകയാണ്.
തൊടുപുഴ – കട്ടപ്പന(87 km: അറക്കുളം(മൂലമറ്റം)- കുളമാവ്- പൈനാവ്- ചെറുതോണി വഴി). ഈ പാത കട്ടപ്പനക്കും അല്പമകലെ പുളിയൻമലയിൽ വെച്ച് മൂന്നാർ കുമിളി പാതയോടു ചേരുന്നു.
ഈ യാത്രയിൽ തൊടുപുഴയാറും മലങ്കര ജലാശയവും കാണാം, കുടയത്തൂരിനും കാഞ്ഞാറിനും മൂലമറ്റത്തിനും ചുറ്റും കാവൽ ഭടന്മാരെപോലെ നിൽക്കുന്ന മലനിരകൾ കാണാം, ചുരം കയറിയാൽ പിന്നിട്ട നാട്ടിൻപുറങ്ങളുടെ നേർത്ത കാഴ്ച കാണാം, ഹൈറേഞ്ചിന്റെ മുഖക്കണ്ണാടിയായ ഇടുക്കി ജലാശയം കാണാം, കാടിനോട് തൊട്ടുരുമ്മി നിൽക്കുന്ന ജില്ലാ ആസ്ഥാനവും കളക്ടറേറ്റും കാണാം, പ്രളയം മാറ്റിവരച്ച ചെറുതോണിയുടെ ചിത്രം കാണാം.
1. അരുവിക്കുത്ത് വെള്ളച്ചാട്ടം(6 km)
2. കാഞ്ഞാർ(16 km): തൊടുപുഴയാറിന്റെ കരകളിൽ പച്ചപ്പരവതാനി വിരിച്ചുറങ്ങുന്ന സുന്ദരി നാട്.
3. ഇലവീഴാപൂഞ്ചിറ(24 km): കാഞ്ഞാറിൽ നിന്നും വലത്തു തിരിഞ്ഞു 8 km. കാഞ്ഞാറിന് മുൻപുള്ള മുട്ടം ജംഗ്ഷനിൽ നിന്നും ഈരാറ്റുപേട്ട റോഡ് വഴിയും പോവാം. ഈ വഴിലൂടെ മുന്നോട്ടുപോയാൽ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം, മർമ്മല വെള്ളച്ചാട്ടം എന്നിവ കണ്ടു നേരെ വാഗമൺ പോവാം. ഇടുക്കിയോട് ചേർന്ന് നിൽക്കുന്ന കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവനാലും.
4. വഴിക്കിണർ(25 km):മൂലമറ്റത്തു നിന്നും പോവുമ്പോൾ അഞ്ചാമത്തെ വളവിൽ
5. തുമ്പച്ചിമല(27 km):വ്യൂ പോയിന്റ് /ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം. ഒൻപതാം വളവിനു ശേഷം കരിപ്പലങ്ങാടിന് അല്പം മുൻപ് വലതു വശം ബോർഡ് കാണാം.
6. നാടുകാണി വ്യൂ പോയിന്റ്(32 km)
7. കുളമാവ് ഡാം: 37 km
8. ഉപ്പുകുന്നു വ്യൂ പോയിന്റ്(42 km): ഡാം കഴിഞ്ഞു 4 km പോയാൽ പാറമട. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഒരൽപ്പം പോയാൽ മനോഹരമായ പുൽമേടുകൾ, കുന്നുകൾ, വ്യൂ പോയിന്റുകൾ എന്നിവ കാണാം. NB : ഈ ചെറിയ റോഡിലൂടെ ചെങ്കുത്തായ ഇറക്കങ്ങളും ചെറുഗ്രാമങ്ങളും താണ്ടി(30 km) തൊടുപുഴ തിരിച്ചെത്താം
9. ഇടുക്കി വന്യജീവി സങ്കേതം: പാറമട പിന്നിട്ടാൽ ഏകദേശം 15 കിലോമീറ്ററോളം കാടാണ്. ഒററപെട്ട ചെറുകുടിലുകളും ആദിവാസി ഊരുകളിലേക്കുള്ള വഴികളും കാണാം. റോഡിന്റെ വലതുവശം ഇടുക്കി ജലാശയം മിന്നി മറയുമ്പോൾ മറുവശത്തു കുന്നുകളും പുൽമേടുകളും കാണാം. പകൽ സമയത്തു മൃഗങ്ങളെ കാണാൻ സാധ്യതയില്ലെങ്കിലും ചില രാത്രികളിൽ വഴിമുടക്കിയായി കൊമ്പന്മാർ വന്നേക്കാം.
10. മൈക്രോവേവ് വ്യൂ പോയിന്റ്(57 km): ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നോ തൊട്ടു മുൻപുള്ള കുഴിലിമലയിൽ നിന്നോ ഇടതു തിരിഞ്ഞു 2 km.
11. കൊലുമ്പൻ സമാധി(57 km): ഇടുക്കി ഡാമിനു സ്ഥാനം കാണിച്ചുകൊടുത്ത ഇടുക്കിക്കാരുടെ സ്വന്തം കൊലുമ്പന്റെ സമാധി സ്ഥലം. വെള്ളപ്പാറ ഫോറെസ്റ്റ് ഓഫീസിനു സമീപത്താണിത്. ഇതിന്റെ തൊട്ടടുത്താണ് ചാരനള്ള് ഗുഹ.
12. ഹിൽവ്യൂ പാർക്ക്(58 km): കൊലുമ്പൻ സമാധിക്ക് എതിർ വശത്തുള്ള റോഡിലൂടെ 1 km സഞ്ചരിച്ചാൽ ഇവിടെത്താം.
13. ഇടുക്കി – ചെറുതോണി ഡാമുകൾ (59 km): ഹിൽവ്യൂ പാർക്കിൽ നിന്നും 1 km പോയാൽ ചെറുതോണി ഡാമിന്റെ കവാടമെത്തി. ശനി, ഞായർ ദിവസങ്ങൾക്കു പുറമെ ഓണം, ക്രിസ്മസ് എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചു ഒരു മാസത്തോളവും സന്ദർശനാനുമതിയൊള്ളു.
14. കാൽവരി മൗണ്ട്(70 km): കല്യാണത്തണ്ട് എന്നും പേരുണ്ട്. സ്റ്റോപ്പിന്റെ പേര് പത്താം മൈൽ.
15. അഞ്ചുരുളി ടണൽ(91km): കട്ടപ്പനയിൽ നിന്നും 5 km, വണ്ടിയില്ലാത്തവർക്ക് shared taxi(ജീപ്പ്) അല്ലെങ്കിൽ ഓട്ടോ എന്നിവ അഭികാമ്യം.
16. തൂവൽ വെള്ളച്ചാട്ടം: കട്ടപ്പനയിൽ നിന്നെ നിന്നും 14 km. ഇടുക്കിക്കു പുറത്തു അധികം അറിയപ്പെടാത്ത എന്നാൽ ഭംഗിയുള്ള ഇടമാണിത്.
* മീൻമുട്ടി, നാരകക്കാനം ടണൽ
തൊടുപുഴ – ചേലച്ചുവട് (44 km: വണ്ണപ്പുറം -മുണ്ടൻമുടി – വെണ്മണി – കഞ്ഞിക്കുഴി വഴി). ഈ പാത ചേലച്ചുവടുവെച്ചു നേര്യമംഗലം – ചെറുതോണി പാതയോടു ചേരുന്നു.
വണ്ണപ്പുറം എത്തുംവരെ പ്രതേകിച്ചു കാഴ്ചകളൊന്നുമില്ല. അല്പം പിന്നിട്ടാൽ നമുക്ക് താണ്ടാനുള്ള മലനിരകൾ തലയുയർത്തിത്തുടങ്ങും. ഇവയൊന്നും സാധാരണ മലകളെയല്ല. പടുകൂറ്റൻ പാറകൾകൊണ്ട് പടുത്തുയർത്തിയ രൂപങ്ങൾ. പാറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുമരങ്ങൾ. മുന്നോട്ടു പോയാൽ അപകടം പിടിച്ച ഹെയർ പിൻ ബെന്റുകൾ, അവസാന വളവിൽ വണ്ടിനിർത്തി ഒരു കട്ടനുമടിച്ചു വിസ്മയക്കാഴ്ചകൾ ആസ്വദിക്കാം. ബ്ലാത്തിക്കവല എത്തിയാൽ മലക്കുമുകളിലെത്തി എന്നർത്ഥം. വൈകുന്നേരമാണെങ്കിൽ ചെറിയ കുളിരൊക്കെ തോന്നും. ഇനി പോകാനുള്ളത് മലനിരക്കു മുകളിലൂടെയാണ്. അതുകൊണ്ട് കാഴ്ചകൾക്ക് ഒരു കുറവുമുണ്ടാകില്ല.
1. ഞണ്ടിറുക്കി വെള്ളച്ചാട്ടം(20km): പൂമാല ഗ്രാമത്തിനടുത്ത്( തൊടുപുഴയിൽ നിന്നും ബസുണ്ട്)
2. തൊമ്മൻകുത്ത് ഇക്കോ ടൂറിസം(21km)
3. ആനച്ചാടിക്കുത്ത്: തൊമ്മന്കുത്തിനു അല്പമകലെ കുട്ടികൾക്ക് പോലും ഇറങ്ങാവുന്ന മനോഹരമായ തീർത്തും അപകടരഹിതമായ വെള്ളച്ചാട്ടം
4. കോട്ടപ്പാറ(20 km): വണ്ണപ്പുറത്തുനിന്നും
മുള്ളരിങ്ങാട് റോഡിൽ, പുലർക്കാലത്ത് കോടമഞ്ഞിന്റെ കളിത്തൊട്ടിലാണിവിടം
5. വെണ്മണി വ്യൂ പോയിന്റ്(24km)
6. കാറ്റാടിക്കടവ്(25km): അത്യുന്നതങ്ങളിൽ കോടമഞ്ഞിനോടും കാറ്റിനോടും കഥ പറഞ്ഞിരിക്കാം.
7. മീനുളിയൻ പാറ(32km): വെണ്മണിയിൽ നിന്നും 3 km. പിന്നെ നടക്കണം.
8. പുന്നയാർ വെള്ളച്ചാട്ടം(40 km): കഞ്ഞിക്കുഴിക്ക് സമീപം വട്ടുവൻപാറയിൽ നിന്നും 1km പോയാൽ പുന്നയാർകുത്ത് എത്തി.
മൂന്നാർ:-
“മൂന്നാറോ, അവിടെന്താണ് കാണാൻ, ആകെ കുറച്ചു തേയിലതോട്ടങ്ങളുണ്ട്. ഫോട്ടോ എടുക്കാൻ കൊള്ളാം”. പലരും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഡയലോഗായിരിക്കുമിത്. ശരിയാണ്, മൂന്നാർ പട്ടണത്തിൽ കാണാൻ ഇതൊക്കെയൊള്ളു. മുതിരപ്പുഴയാർ, കുണ്ടല, നല്ലതണ്ണി എന്നീ മൂന്ന് ആറുകൾ ചേർന്ന് മൂന്നാറെന്ന പേര് അന്വർത്ഥമാക്കുമ്പോൾ ഇവിടെത്തെ ഊരുഭംഗി അന്വർഥമാക്കുന്നത് മൂന്നു പാതകളാണ്. ഓരോ പാതയും ഓരോ സ്വർഗ്ഗമേടുകളാണ്. മലനിരകൾക്കിടയിൽ തട്ടിക്കളിക്കുന്ന മേഘങ്ങളും മണ്ണ് മൂടിവെക്കുന്ന പുൽമേടുകളും കുളിർകാറ്റും കോടമഞ്ഞും ചേർന്ന് രാഗമാലിക തീർക്കുമ്പോൾ ഇതിന്നെല്ലാം സാക്ഷിയായി തലയെടുപ്പോടെ നിൽക്കുന്നു സാക്ഷാൽ ആനമുടി. ആനമുടിക്കു തോളോട് ചേർന്ന് നിൽക്കുന്ന കുമരിക്കൽ മുടിയും മീശപ്പുലിമലയും, അവക്ക് താഴെ പളനി മലയും നന്ദമലയും ഗുണ്ടുമലയും. സംശയിക്കേണ്ട, മലനിരകളുടെ അലമാലകൾ തന്നെയാണിവിടം. കൂടാതെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിനു പൊൻതൂവലായി ചിന്നാറും ആനമുടി ഷോലയും പാമ്പാടും ഷോലയും ഹാജർ വെക്കുന്നു.
പാത ഒന്ന്:-
മൂന്നാർ – ചിന്നാർ വന്യജീവി സങ്കേതം(55 km: മൂന്നാർ – ഉദുമൽപേട്ട പാതയുടെ ഭാഗമാണിത്)
1. ഇരവികുളം/രാജമല(12 km)
2. തലയാർ വ്യൂ പോയിന്റ്(15 km)
3. ലക്കം വെള്ളചാട്ടം(24 km)
4. മറയൂർ(40 km): കോവിൽകടക്കിലെയും പാമ്പാർ നദിക്കരയിലെയും മുനിയറകളും ഗുഹാ ചിത്രങ്ങളും പണ്ട് മുതൽക്കേ ഇവിടെ മനുഷ്യവാസമുള്ളതിനു തെളിവാണ്. ചന്ദനത്തിന്റെയും ശർക്കരയുടെയും നാടായ മറയൂർ ഒരു മഴനിഴൽ പ്രദേശം കൂടിയാണ്. മറയൂരിന് 4 km ആപ്പുറമാണ് ഇരച്ചിൽ പാറ വെള്ളച്ചാട്ടം
5. കാന്തല്ലൂർ(48 km): ആനമുടി ഷോലയുമായി അതിർത്തി പങ്കിടുന്ന കാന്തല്ലൂർ. പഴകൃഷിക്ക് പേരുകേട്ട ഇവിടം കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക ഇടമാണ്.
6. കരിമുട്ടി വെള്ളച്ചാട്ടം(42 km)
7. തൂവാനം വെള്ളച്ചാട്ടം(44 km): പേര് പോലെ സുന്ദരി. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ നദിയിലുള്ള ഇവളെ കാണാൻ കാട്ടിലൂടെ 3 km നടക്കണം.
8. ചിന്നാർ വന്യജീവി സങ്കേതം: കാടിനുള്ളിലൂടെ ചെറിയൊരു ഡ്രൈവിംഗ്.
പാത രണ്ട്:-
മൂന്നാർ – വട്ടവട(45 km)
1. മാട്ടുപ്പെട്ടി ഡാം(11 km)
2. മീശപുലിമല ബേസ് ക്യാമ്പ്(18 km)
3. ഇക്കോ പോയിന്റ്(18 km)
4. കുണ്ടല ഡാം(25 km)
5. യെല്ലപ്പെട്ടി(29 km): cloud farmil പോവാൻ ഇവിടെ ഇറങ്ങി നടക്കണം
6. ടോപ് സ്റ്റേഷൻ(35 km)
7. പാമ്പാടും ചോല ദേശീയോദ്യാനം(37 km)
8. വട്ടവട(45 km): തനി കാർഷിക ഗ്രാമം. ശീതകാല കൃഷിയുടെ ഈറ്റില്ലമാണ് വട്ടവടയും അയൽക്കാരായ കോട്ടക്കാമ്പൂരും ചിലന്തിയാറുമെല്ലാം. മലഞെരുവിലെ ഭൂമി തട്ടുകളായി തിരിച്ചു കൃഷിചെയ്യുന്ന രീതിയാണിവിടെ. തണുപ്പിന്റെ കാര്യത്തിൽ മുന്നാറിനും മുകളിൽ നിൽക്കും ഇവർ.
പാത മൂന്ന്:-
മൂന്നാർ – തേക്കടി(110 km:പൂപ്പാറ – നെടുങ്കണ്ടം – പുളിയൻമല – കുമിളി വഴി)
ഈ പാതയിലെ പല ഭാഗങ്ങളും തമിഴ് നാട് അതിർത്തിയോടു ചേർന്ന് പോകുന്നു.
1. ഗ്യാപ് റോഡ്: മുന്നാറിൽ നിന്നും തുടങ്ങി കുറച്ചു ദൂരം ഈ പാത ഇടുങ്ങിയതാണ്. എങ്കിലും ഇരുവശങ്ങളിലെയും കാഴ്ചകൾ മനോഹരമാണ്.
2. പവർ ഹൌസ് വെള്ളച്ചാട്ടം(18 km)
3. ചൊക്രമുടി പീക് (23 km)
4. കൊളുക്കുമല(32 km): ഇവിടെ സൂര്യോദയമാണ് താരം.
5. ആനയിറങ്ങൽ ഡാം(28 km): തേയിലത്തോട്ടത്തിനിടയിൽ അതിമനോഹരമായ റിസെർവോയെർ. ആനയിറങ്ങൽ പിന്നിട്ടാൽ മൂന്നാറിന്റെ മനോഹാരിത തീർന്നു.
6. ചതുരങ്കപ്പാറ വ്യൂ പോയിന്റ്(47 km): കേരളക്കരയിൽ നിന്നും തമിഴകത്തെ ദൂരക്കാഴ്ചകൾ കാണാം.
7. തൂവൽ വെള്ളച്ചാട്ടം(72 km): നെടുംകണ്ടത്തു നിന്നും 10 km. ഇടുക്കിക്കു പുറത്തു അധികം അറിയപ്പെടാത്ത എന്നാൽ ഭംഗിയുള്ള ഇടമാണിത്.
8. രാമക്കൽമേട്(75 km): ഏഷ്യയിൽ ഏറ്റുവുമധികം കാറ്റുവീശുന്ന ഇടം. പോകും വഴി കാറ്റാടി യന്ത്രങ്ങളും കാണാം.
9. അരുവിക്കുഴി/പാണ്ടിക്കുഴി വെള്ളച്ചാട്ടം (96 km): തമിഴ് നാട്ടിലേക്കുള്ള ദൂര ദർശിനി. കേരളത്തിൽ നിന്നും തമിഴകത്തേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. ഇതിനു തൊട്ടടുത്താണ് ചെല്ലാർകോവിൽ മേട്
10. ഒട്ടകതലമേട്(97 km)
11. തേക്കടി(110 km)
നേര്യമംഗലം – മൂന്നാർ(60 km: അടിമാലി- വഴി)
ഹൈറേഞ്ചിന്റെ കവാടമാണ് നേര്യമംഗവും പാലം. പാലം കടന്നാൽ കോലവും മാറും. ഒരുവശത്തു മഴയൊന്നു കനത്താൽ ദേശീയ പാതയോരത്തേക്ക് തുളുമ്പിച്ചിതറുന്ന പേരറിയാത്ത അനേകം ജലപാതങ്ങൾ. മറുവശം ഇവ പരിപോഷോപ്പിച്ചു ക്രമേണെ പെരിയാറ്റിലേക്ക് ചേരുന്ന കുഞ്ഞൻ ആറുകൾ, സഞ്ചാരികളുടെ ഇടത്താവളമായ അടിമാലി, മുന്നാറിനോടടുക്കും തോറും തെളിഞ്ഞു വരുന്ന തേയിലത്തോട്ടങ്ങളും മലനിരകളും, പള്ളിവാസൽ പദ്ധതിയിലേക്കുള്ള പെൻസ്‌റ്റോക്കുകൾ മനസിനു കുളിർമയേകുന്ന കാഴ്ച്ചകൾ അവസാനിക്കുന്നില്ല.
1. ചീയപ്പാറ വെള്ളച്ചാട്ടം(12 km)
2. വാളറ വെള്ളച്ചാട്ടം(14 km)
3. അടിമാലി വ്യൂ പോയിന്റ്/വെള്ളച്ചാട്ടം (31 km): അടിമാലി പട്ടണത്തിന്റെ ദൂരദർശിനി കൂടിയാണ് ഈ വെള്ളച്ചാട്ടം. മുകളിലോട്ടു പോയാൽ കൊരങ്ങാട്ടി മലനിരകളും കാണാം.
4. kambiline വെള്ളച്ചാട്ടം (41km)
5. മൂന്നാർ ബൈപാസ്സ്: ഇരുട്ടുകനത്തു നിന്നും തുടങ്ങി ആനച്ചാൽ വഴി ചിത്തിരപുരത്തിനടുത്തു രണ്ടാം മൈലിൽ വെച്ച് ദേശീയപാതയോട് ചേരുന്നു. മൂന്നാർ ബൈപാസിൽ നിന്നും എത്തിച്ചേരാവുന്ന പ്രധാന ഇടങ്ങൾ.
®ചെങ്കുളം ഡാം(45 km)
®ചൊക്രമുടി പീക് (54 km)
6. മാങ്കുളം(61 km): ദേശീയപാതയിൽ കല്ലാറിൽ നിന്നും ഇടതു തിരിഞ്ഞു 17 km സഞ്ചരിച്ചാൽ ഇവിടെയെത്താം. ആറുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഗ്രാമം. പഴയ ആലുവ-മൂന്നാർ രാജപാതയുടെ ശേഷിപ്പുകൾ കാണാം. ആനകൾ ജലപാനത്തിനു പേരുകേട്ട ഇടമാണ് തെല്ലകലെയുള്ള ആനക്കുളം.
7. കരടിപ്പാറ വ്യൂ പോയിന്റ്(48 km)
8. ആറ്റുകാട് വെള്ളച്ചാട്ടം(56 km)
9. പോത്തൻമേട് വ്യൂ പോയിന്റ്( km)
* തലമാൻകുത്ത്, കല്ലാർ വെള്ളചാട്ടം
അടിമാലി – പൂപ്പാറ(42 km: കല്ലാർകുട്ടി – വെള്ളത്തൂവൽ – രാജാക്കാട് – രാജകുമാരി വഴി ). ഈ പാത മൂന്നാർ – കുമിളി പാതയിലെ പൂപ്പാറയിൽ ചേരുന്നു.
1. കല്ലാർകുട്ടി ഡാം(10 km)
2. ചെങ്കുളം ഡാം(17 km)
3. S N വെള്ളച്ചാട്ടം(20 km)
4. പൊന്മുടി തൂക്കുപാലം(20 km): വലിയ വാഹനങ്ങൾ കടന്നുപോവില്ല.
5. പൊന്മുടി ഡാം(21 km): ഈ റൂട്ടിൽ ഏറ്റവും ഭംഗിയുള്ള ഇടങ്ങളാണ് പൊന്മുടി ഡാമും പരിസരവും.
6. കള്ളിമാലി വ്യൂ പോയിന്റ്(24 km)
8. കുത്തുംകൽ വെള്ളച്ചാട്ടം(28 km): രാജാക്കാടിനടുത്തു നാട്ടിൻപുറത്തെ പുറംലോകത്തിനു അറിയപ്പെടാത്ത വെള്ളച്ചാട്ടം
നേര്യമംഗലം – ചെറുതോണി(49 km: നീണ്ടപാറ- പനംകുട്ടി- ചേലച്ചുവട്- കരിമ്പൻ വഴി ). ഈ പാത ചെറുതോണിയിൽവെച്ച് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോടു ചേരുന്നു.
നേര്യമംഗലം പിന്നിടുന്നതോടുകൂടി ഹൈറേഞ്ചും തുടങ്ങുകയായി. ഇടതുവശം യമണ്ടൻ കരിമ്പാറകളും മലനിരകളും. മഴക്കാലത്തു പാതയോരത്തേക്ക് കുത്തിയൊലിക്കുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ. മറുവശത്തു പാതക്ക് തൊട്ടുരുമ്മി ആഴത്തിലൊഴുകുന്ന പെരിയാർ. പെരിയാറിനു മറുകരയിൽ കുതിരക്കുത്തി മലയും പരിവാരങ്ങങ്ങളും, അവയിൽ നിന്നും വിടരുന്ന തെളിനീരുകളും വെള്ളച്ചാട്ടങ്ങളും. ഒരു സഞ്ചാരിയുടെ മനസ്സ് നിറക്കാൻ വേറെന്ത് വേണം. ചെറുതോണി എത്തുംവരെ ഈ കാഴ്ചകൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.
1. Scenic spot(35 km):കീരിത്തോടിനും ചേലചുവടിനും ഇടക്ക് റോഡരിൽ നിന്നും നോക്കിയാൽ രണ്ടു മലനിരകൾക്കിടയിലൂടെ നെടുനീളെ ഒഴുകുന്ന പെരിയാറിന്റെ അഴക് കണ്ണെത്താദൂരത്തേക്ക് കാണാം.
2. കരിമ്പൻകുത്ത് വെള്ളച്ചാട്ടം(43 km)
3. പാൽകുളമേട്(44 km): 3000 അടിക്കും മുകളിൽ വിസ്മയക്കാഴ്ചകൾ കാണാം. കാട്ടാനകളുടെ വിഹാര കേന്ദ്രം.
കുമിളി – മുണ്ടക്കയം(56 km: വണ്ടിപ്പെരിയാർ – കുട്ടിക്കാനം വഴി)
കോട്ടയം – കുമിളി പാതയുടെ ഭാഗമാണിത്.
ഈ റൂട്ടിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല. ഇടുക്കിയല്ലേ, ബോറടിപ്പിക്കില്ലെന്നു ഉറപ്പിക്കാം.
1. മ്ലാമല വെള്ളച്ചാട്ടം(20 km)
2. സത്രം വ്യൂ പോയിന്റ്(24 km)
3. പരുന്തുംപാറ(26 km)
4. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം(40 km)
5. പാഞ്ചാലിമേട്(46 km)
6. തെക്കേമല വെള്ളച്ചാട്ടം(49 km)
* മഞ്ഞുമല, അമ്മച്ചിക്കൊട്ടാരം
കട്ടപ്പന – കുട്ടിക്കാനം(39 km: ഏലപ്പാറ വഴി). ഈ പാത കുട്ടിക്കാനത്തുവെച്ച് കുമിളി – കോട്ടയം പാതയോട് ചേരുന്നു.
മുല്ലപെരിയാർ സമരകാലത്ത് പ്രശസ്തമായ കെ. ചപ്പാത്തുവരെ ഒളിച്ചും കണ്ടും പെരിയാറുണ്ടാവും കൂട്ടിന്. പിന്നെ പച്ചക്കമ്പളം വിരിച്ച തേയിലത്തോട്ടങ്ങൾക്ക് ഒത്തനടുവിലൂടെ ഒരു യാത്ര. അവക്ക് മകുടം ചാർത്താൻ കൊച്ചു ക്ഷേത്രങ്ങളും കുരിശു പള്ളികളും.
1. ട്രിപ്പിൾ വെള്ളച്ചാട്ടം(4 km)
2. അയ്യപ്പൻ കോവിൽ തൂക്കുപാലം(16 km): പെരിയാർ ഇടുക്കി ജലാശയത്തോടു ചേരുന്നടുത്തുള്ള തൂക്കുപാലം. അതിമനോഹരമാണ് തൊട്ടടുത്തുള്ള പുരാതന ശ്രീധർമ ശാസ്താ ക്ഷേത്രവും പരിസരവും.
വാഗമൺ:-
മൂന്നാറിനെ അപേക്ഷിച്ചു വളരെ ചെറിയ സ്ഥലമാണ് വാഗമൺ. ഒന്നാഞ്ഞു പിടിച്ചാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുതീർക്കാം. മൊട്ടക്കുന്നുകളും താഴ് വാരങ്ങളും തടാകങ്ങളും പിന്നെ പൈൻ മരങ്ങളുമൊക്കെ നിറഞ്ഞ വാഗമണ്ണിൽ മഴയും മഞ്ഞും വെയിലും മാറിമറിയുന്ന കാലവസ്ഥയാണ്. വാഗമണ്ണിലെ പ്രധാന ആകർഷണങ്ങൾ.
1. മൊട്ടക്കുന്ന്
2. തങ്ങൾപാറ
3. പൈൻ വാലി
4. മുരുകൻമല
5. തടാകം
6. കുരിശുമല
7. സൂയിസൈഡ് പോയിന്റ്
*ഉളുപ്പുണി
ഉറുമ്പിക്കര: വാഗമണ്ണിനും മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമൊക്കെ നടുക്കായി സ്ഥിതി ചെയ്യുന്ന ഓഫ്‌റോഡ് പ്രേമികളുടെ ഇഷ്ടസ്ഥലം..
ഇലപ്പള്ളി വെള്ളച്ചാട്ടം: മൂലമറ്റത്തിനടുത്ത്.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…