കൊല്ലം അഞ്ചലിൽ ഭാര്യ ഉത്രയെ പാമ്പു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കു ഉണ്ട് എന്ന നിഗമനത്തിൽ ആണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ കൂടുതൽ സ്വീകാര്യതക്കായി പാമ്പിനെയും പോസ്റ്റ് മോർട്ടം ചെയ്തു. ആ പാമ്പിൽ നിന്നും ഉള്ള വിഷം തന്നെയാണോ ഉത്രയുടെ ശരീരത്തിൽ ഉള്ളത് അടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരണം നടത്തുന്നതിന് വേണ്ടി ആണ് ഈ നടപടി.
പ്രദേശത്ത് കാണാത്തയിനം പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നടത്തിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പാമ്പിനെ കൈമാറിയതിനു സാക്ഷികള്‍ ഉണ്ട്. സൂരജിന് അണലിയെ നല്‍കാന്‍ അംബാസഡര്‍ കാറില്‍ എത്തിയ സുരേഷിനൊപ്പം മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വന്യജീവികളോട് അറപ്പും വെറുപ്പുമാണെന്നായിരുന്നു ആദ്യ മൊഴി. പാമ്പുപിടുത്തക്കാരന്‍ സുരേഷുമായി പൊലീസ് എത്തിയപ്പോള്‍ വീണ്ടും മൊഴി മാറ്റി.
സംസ്ഥാനത്തെ പ്രമുഖ പാമ്പ് പിടിത്തക്കാരന്‍ വാവ സുരേഷാണ് കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയെന്നായിരുന്നു സൂരജ് പറഞ്ഞ കളവ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാവ സുരേഷുമായി ബന്ധമില്ലെന്നു മനസ്സിലായി. പൊലീസ് വാവ സുരേഷുമായി ബന്ധപ്പെട്ടതോടെ സൂരജിന്റെ മൊഴി പൊളിഞ്ഞു. സൂരജും ഉത്രയും കിടന്ന എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയുടെ ജനലിലൂടെ പാമ്പ് എത്തിയെന്ന് പറഞ്ഞെങ്കിലും അതും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.
ഉത്ര മരിച്ചതിനു ശേഷം അഞ്ചല്‍ പൊലീസ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആ മൊഴി അനുസരിച്ച് ജനാലയ്ക്ക് സമീപം അന്ന് കിടന്നിരുന്നത് സൂരജ് ആയിരുന്നു. അതിനാല്‍ ആദ്യം ഇയാള്‍ക്കായിരിക്കും കടിയേല്‍ക്കുക എന്ന് ചൂണ്ടിക്കാണിച്ചതോടെ മൊഴി തിരുത്തി.