ആ കരുതലിന്റെ കരങ്ങൾ ഇനിയില്ല; കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച ഗിരീഷും ബൈജുവും കെഎസ്ആർടിസിയുടെ അഭിമാന നക്ഷത്രങ്ങൾ..!!

1054

കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ അപകടത്തിൽ 19 പേരാണ് മരിച്ചത്. 18 പേരും മലയാളികൾ ആണ്. 48 പേർ ആണ് ബസിൽ ഉണ്ടായിരുന്നത്. അതിൽ 42 പേര് മലയാളികൾ ആയിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി ബസിന്റെ കണ്ടക്ടറും ഡ്രൈവറും മരണത്തിന് കീഴടങ്ങി. കൊച്ചിയിൽ നിന്നും ടൈലും കയറ്റി പോയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങി പോകുകയും നിയന്ത്രണം വിട്ട വാഹനം മീഡിയന് മുകളിലൂടെ കയറി എതിർ ദിശയിൽ കൂടി വന്ന കെഎസ്ആർടിസി വാഹനത്തിൽ ഇടിക്കുകയായിരുന്നു.

ഈ വാഹന അപകട ദുരന്തത്തിൽ മരിച്ച ഡ്രൈവറും കണ്ടക്ടറെയും നിങ്ങൾ മറക്കാൻ വഴിയില്ല. 2018 ജൂണിലാണ് സംഭവം. യാത്രക്കിടെ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടോയെന്ന് ബസ് ജീവനക്കാരോട് ചോദിച്ചു. എന്താണ് കാര്യമെന്ന അന്വേഷിച്ചപ്പോഴാണ് തൃശൂരില്‍നിന്ന് കയറിയ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക് അപസ്മാരം വന്നതായി അയാള്‍ അറിയിക്കുന്നത്. താക്കോൽ നൽകിയെങ്കിലും കുറവൊന്നും വന്നില്ല.

പിന്നെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ യാത്രക്കാരും ബസ് ജീവനക്കാരും തെല്ലും സംശയിച്ചില്ല. ഹൊസൂരെത്തിയ ബസ് പിന്നെ ജനനി ഹോസ്പിറ്റലിലേക്ക് പറന്നു. ഹൈവേയിൽ നിന്ന് കിലോമീറ്ററുകൾ പിന്നോട്ട്. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവയ് ക്കണമായിരുന്നു. ഇതോടെ തൃശൂര്‍ ഡിപ്പോയിലെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു ജീവന്റെ കാര്യമല്ലേ ക്യാഷ് കെട്ടിവയ്ക്ക് ബാക്കി പിന്നെ നോക്കാമെന്നായിരുന്നു ബെന്നിയെന്ന ഉദ്യോഗസ്ഥന്റെ മറുപടി.

രോഗിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ കൂടെ ഒരാള്‍ നില്‍ക്കണമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബൈജുവാണ് ബന്ധുക്കളെത്തും വരെ കവിതയ്ക്ക് കൂട്ടുനിന്നത്. ബസിലെ മറ്റു യാത്രക്കാരുമായി ഗിരീഷ് ബെംഗളുരുവിലേക്ക് പുറപ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് കവിതയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നതും ഡിസ്ചാര്‍ജ് വാങ്ങുന്നതും.

ആ നന്മയും സ്നേഹവും കരുതലും ബാക്കിയാക്കി ഇരുവരും യാത്രയാകുമ്പോൾ കണ്ണീരോടെയല്ലാതെ സഹപ്രവര്‍ത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കണ്ണീരോടെയല്ലാതെ ഇതൊന്നും ഓർക്കാനാകുന്നില്ല.