ലാലേട്ടനോട് ആരാധന: രണ്ടാംക്ലാസുകാരൻ ലാൽ ചിത്രങ്ങളുടെ റിലീസ് വർഷവും തീയതിയും കൂടെ മലയാളവും പഠിച്ചു.

1255

മോഹൻലാലിന്റെ വ്യത്യസ്തമായൊരു ഫാൻ ആണ് ആദിത് കൃഷ്ണ എന്ന ഏഴുവയസ്സുകാരൻ. ലാലേട്ടനോടുള്ള ആരാധന മൂത്ത്, സിനിമയുടെ പേര് വായിക്കാനായി സ്വന്തമായി മലയാളം പഠിച്ച് കളഞ്ഞു ഈ രണ്ടാം ക്ലാസുകാരൻ.

ബെഗ്ലൂരുവിൽ സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പയ്യന്നൂർ കണ്ടങ്കാളിയിലെ പടിഞ്ഞാറെ മഠത്തിൽ രാധാകൃഷ്ണന്റെ ഇളയ മകനാണ് ആദിത് കൃഷ്ണ.

സഹോദരൻ ആകാശ് കൃഷ്ണയുടെ ചികിത്സാർത്ഥം വർഷങ്ങളായി അമ്മ സജിനിക്കൊപ്പം മംഗളൂരുവിലാണ് താമസം. മംഗളൂരു ശാരദാ വിദ്യാലയത്തിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ആദിതിനു മലയാളം അറിയില്ല.

ഒപ്പം ആണ് ആദിത് ആദ്യം കണ്ട മോഹൻലാൽ സിനിമ. ഇതു കണ്ടപ്പോൾ പേടിയാണ് തോന്നിയത്. പിന്നീട് പുലിമുറുകനും മുന്തിരിവള്ളികളും കണ്ടതോടെ കടുത്ത ആരാധകനായി. ടിവിയിൽ വരുമ്പോൾ എല്ലാ സിനിമകളും കാണും.

ഭാഷ പ്രശ്നമായപ്പോൾ മലയാളം പഠിക്കണം എന്ന വാശിയായി. ഗൂഗിളിൽ സിനിമയുടെ പേര് ഇംഗ്ലീഷിൽ തിരയും. ഇത് കിട്ടിക്കഴിഞ്ഞാൽ ഇതിന്റെ മലയാളത്തിലുള്ള പോസ്റ്ററിന്റെ ഫോട്ടോയും ഗൂഗിളിൽ നിന്ന് തന്നെ തപ്പിയെടുക്കും. തുടർന്ന് സിനിമാപ്പേര് മലയാളത്തിൽ എഴുതിപ്പടിക്കും. ഒടുവിൽ സിനിമകളുടെ പേരെഴുതി അത്യാവശ്യം നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചു.

മോഹൻലാൽ സിനിമകൾ പുറത്ത് ഇറങ്ങിയ വർഷങ്ങൾ പഠിക്കുക ആണ് മറ്റൊരു ഇഷ്ടം. 157 മോഹൻലാൽ സിനിമകൾ ഇറങ്ങിയ വർഷങ്ങൾ മനപാഠം. ഈ സിനിമകൾ ഇറങ്ങിയ തീയതിയും മനപാഠം ആണ്.