പെട്രോള്‍ ലാഭിക്കാന്‍ ഉള്ള തന്ത്രങ്ങള്‍

941

വാഹനം അധികദൂരം ഓടാതെതന്നെ ഇന്ധനം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?. വാഹനത്തിന്റെ ഇന്ധനക്ഷമത പെട്ടെന്ന് കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കേണ്ട. വാഹനവുമായി സര്‍വീസ് സെന്ററിലേക്ക് പോകുന്നതിനു മുന്‍പ് ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ വന്‍തോതില്‍ ഇന്ധനം പാഴാകുന്നതിന് കാരണമാകും. ഡ്രൈവിങ് ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ ഒരളവുവരെ ഇന്ധനം ലാഭിക്കാം. അടിക്കടി ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധനം ലാഭിക്കാന്‍ ശീലിക്കുന്നത് ഏറെ നന്നായിരിക്കും.

ഇന്ധനം പാഴാകുന്നത് തടയാനുള്ള ചില പോംവഴികള്‍ ഇതാ.

രാവിലെ ഇന്ധനം നിറയ്ക്കുക

രാവിലെയും  രാത്രിയും  ഇന്ധനം  നിറയ്ക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധന്മാര്‍ പറയുന്നു

കാരണം സിമ്പിള്‍ ആണ് ഉച്ചയ്ക്കും   വൈകിട്ടും ഊഷമാവ് വളരെ കൂടിയിരിക്കുന്ന അവസ്ഥയാണ് .താപം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വികസിക്കുന്നതിനു ഇടയാകും ,പെട്രോള്‍ തണുക്കുമ്പോള്‍ കൂടുതല്‍ DENCITY ലഭിക്കുന്നു .

വേഗം നിയന്ത്രിക്കുക

ഇടയ്ക്കിടെ വേഗം കൂട്ടുന്നതും കുറയ്ക്കുന്നതും ഒഴിവാക്കുക. വേഗത്തിന് അനുസരിച്ച് കൃത്യമായ ഗിയറില്‍ത്തന്നെ വാഹനം ഓടിക്കുക. തെറ്റായ ഗിയറില്‍ വാഹനം ഓടിക്കുന്നതുമൂലം 20 ശതമാനംവരെ ഇന്ധന നഷ്ടമുണ്ടാകുന്നു. പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. മണിക്കൂറില്‍ 45 – 50 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 40 ശതമാനംവരെ ഇന്ധനം ലാഭിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദീര്‍ഘദൂര യാത്രകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് വേഗം നിയന്ത്രിക്കാന്‍ സഹായിക്കും.

ശരിയായ വാഹന പരിചരണം

നിശ്ചിത ഇടവേളകളില്‍ വാഹനം ട്യൂണ്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ആറ് ശതമാനംവരെ ഇന്ധനം ലാഭിക്കാന്‍ സഹായിക്കും. 5,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാന്‍ വാഹനം സര്‍വ്വീസ് ചെയ്യുക. നിശ്ചിത ഇടവേളകളില്‍ വീല്‍ അലൈന്‍മെന്റ് പരിശോധിക്കുന്നതും നല്ലത്. സര്‍വീസ് ചെയ്യുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ മെക്കാനിക്കിനെ ഓര്‍മ്മപ്പെടുത്തിയാല്‍ മതി. സ്പാര്‍ക്ക് പ്ലഗ്ഗുകളും നിശ്ചിത ഇടവേളകളില്‍ മാറ്റുവാന്‍ ശ്രദ്ധിക്കുക.

ക്ലച്ച് ഉപയോഗം

ക്ലച്ചിനു മുകളില്‍ കാല്‍വച്ച് വാഹനം ഓടിക്കരുത്. അനാവശ്യമായി ക്ലച്ച് ഉപയോഗിക്കുകയും വേണ്ട. ഗിയര്‍ മാറ്റുമ്പോള്‍ മാത്രം ക്ലച്ച് ഉപയോഗിക്കുക. അനാവശ്യ ക്ലച്ച് ഉപയോഗം ഇന്ധനം പാഴാകുന്നതിനും ക്ലച്ച് ഡിസ്‌ക് തേയ്മാനത്തിനും വഴിതെളിക്കും.

ടയറുകള്‍

ടയറിന്റെ മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മര്‍ദ്ദം പരിശോധിക്കുന്നത് നല്ലതായിരിക്കും. ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍ വളരെവേഗം മര്‍ദ്ദം കുറയുന്നത് ഒഴിവാക്കാം. റേഡിയല്‍ ടയറുകള്‍ ഉപയോഗിക്കുന്നതുവഴിയും ഇന്ധനം ലാഭിക്കാം. റേഡിയല്‍ ടയറുകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കുന്നതിനൊപ്പം യാത്രാ സുഖവും നല്‍കും.

ഹാന്‍ഡ് ബ്രേക്ക് ഉപയോഗം

വാഹനം നിര്‍ത്തിയിടുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുക. എന്നാല്‍ യാത്ര തുടരുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് എടുക്കാന്‍ മറക്കരുത്. രണ്ടു മിനിറ്റിലേറെനേരം വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുക.

തിരക്കുകുറഞ്ഞ വഴി തിരഞ്ഞെടുക്കാം

യാത്രചെയ്യാന്‍ തിരക്ക് കുറഞ്ഞ വഴി തിരഞ്ഞെടുക്കുക. തിരക്കേറിയ വഴിയിലൂടെ പതുക്കെയുള്ള യാത്ര ഇന്ധനം കുടിച്ചുതീര്‍ക്കും. അനാവശ്യ ഭാരം വാഹനത്തില്‍ കയറ്റുന്നതും ഒഴിവാക്കുക. ഇടയ്ക്കിടെ ചെറിയ അളവില്‍ പെട്രോള്‍ നിറയ്ക്കുന്നതിലും നല്ലത് ടാങ്ക് നിറയെ ഇന്ധനം നിറയ്ക്കുന്നതാണ്. എപ്പോഴും പെട്രോള്‍പമ്പില്‍ പോകുന്നതിന്റെ ഇന്ധനനഷ്ടം ഇങ്ങനെ ഒഴിവാക്കാം. വാഹനം പൊരിവെയിലത്ത് നിര്‍ത്തിയിടുന്നത് ഒഴിവാക്കി തണലത്ത് പാര്‍ക്ക് ചെയ്യാം. ഇന്ധനം ബാഷ്പീകരിച്ച് നഷ്ടമാകുന്നത് ഇത്തരത്തില്‍ ഒഴിവാക്കാം.

എ.സി ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക

കൊടുംചൂടില്‍ എ.സി ഉപയോഗിക്കാതെ കാറില്‍ യാത്രചെയ്യുന്നത് പ്രായോഗികമല്ല. എന്നാല്‍ ബുദ്ധിപരമായി എ.സി ഉപയോഗിച്ചാന്‍ ഇന്ധന നഷ്ടം ഒരു പരിധിവരെ ഒഴിവാക്കാം. വാഹനത്തിന്റെ ഉള്‍വശം നന്നായി തണുത്താല്‍ എ.സി ഓഫ് ചെയ്യുക. ചൂട് അനുഭവപ്പെടുമ്പോള്‍ വീണ്ടും ഓണ്‍ ചെയ്യാം. രാവിലെയും വൈകീട്ടും ചൂട് കുറവുള്ള സമയത്തുള്ള യാത്രകളില്‍ എ.സി ഉപയോഗം ഒഴിവാക്കാം. എ.സി ഉപയോഗം പത്തു ശതമാനം ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കാറില്‍ ധാരാളം സ്ഥലമുണ്ടെന്നുവച്ച് അനാവശ്യ ലഗേജ് കരുതേണ്ട. ഭാരമുള്ള വസ്തുക്കള്‍ വാഹനത്തില്‍ സ്ഥിരമായി സൂക്ഷിക്കുകയും വേണ്ട. ലഗേജ് ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്ന് ഓര്‍ക്കുക.