രണ്ട് വ്യക്തികൾ കൂടി ഒരു പുതിയ ജീവന് ജന്മം നൽകുന്ന കാലഘട്ടം; ഗർഭകാലത്തെ കുറിച്ചുള്ള കുറിപ്പ്..!!

2092

ഗർഭവും ഗർഭകാലവും..

മനുഷ്യരിൽ ഗർഭധാരണത്തിനു ശേഷം സാധാരണയായി 38 ആഴ്ചകൾക്ക് ശേഷമാണ് പ്രസവം നടക്കുന്നത്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ സമയമെടുക്കാം.

ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഉണ്ടാകുന്ന ജനനം :

മനുഷ്യരില്‍ ശരാശരി ഗര്‍ഭകാലം 280 ദിവസം (40 ആഴ്ച) ആണ്. 37 ആഴ്ചകൾ തികഞ്ഞ കുട്ടിയെ പ്രസവിക്കുന്നതിൽ ആശങ്കപ്പെടാനായി യാതൊന്നുമില്ല. ലാസ്റ്റ് മെനുസ്ട്രൽ ഡേറ്റ് മുതലാണ് ആഴ്ചകൾ കണക്കാക്കി തുടങ്ങുന്നത്. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് 29 ആഴ്ചകളുടെ വളർച്ച നേടി. 37 ആഴ്ചകൾക്ക് മുമ്പുള്ള പ്രസവത്തെ യാമ് അകാല പ്രസവം എന്നോ Pre-Term Labour എന്നോ പറയുന്നത്.

ആദ്യ മൂന്നുമാസക്കാലം :

ഉദരത്തിലെ ഭ്രൂണത്തിന് വികാസം സംഭവിക്കുന്ന സമയമാണ് ആദ്യത്തെ മൂന്നുമാസം. അതിനാൽത്തന്നെ ഒരുപാട് ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെയാകും ഗർഭിണി ഈ സമയം കടന്നുപോകുക. ഈ കാലയളവിൽ ഭ്രൂണത്തിന്റെ വികാസത്തിനായി ശരീരം കൂടുതൽ ജോലി ചെയ്യുന്നതിനാൽ ആദ്യ മൂന്നുമാസം ഗർഭിണികൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടും.

മൂന്നുമുതൽ ആറുമാസക്കാലം വരെ :

ഗർഭിണിയുടെ മികച്ച കാലമാണിത്. ആദ്യത്തെ മൂന്നു മാസത്തിൽ അനുഭവപ്പെട്ടിരുന്ന പല പ്രശ്നങ്ങളും ഈ കാലയളവിൽ ഇല്ലാതാവും. ഗർഭിണിക്ക് താൻ കുറച്ചു കൂടുതൽ ആരോഗ്യവതിയായതായി അനുഭവപ്പെടാം. നിങ്ങളുടെ ഗർഭപാത്രം വലുപ്പം വയ്ക്കുന്നതിനനുസരിച്ച് നെഞ്ചെരിച്ചിലും, ദഹനക്കേടും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദഹനപ്രക്രിയ പതുക്കെയാവുന്നത് മലബന്ധത്തിനും ഇടയാക്കിയേക്കാം. ദിവസത്തിൽ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനേക്കാൾ ചെറിയ ചെറിയ തവണകളായി ഭക്ഷണം കഴിക്കുന്നതാണ് ഈ കാലയളവിൽ ഉചിതം. ഈ കാലയളവിൽ കമഴ്ന്നുകിടന്ന് ഉറങ്ങുന്നത് നിങ്ങളുടെ കുഞ്ഞിനെ ശ്വാസംമുട്ടിക്കുമെന്നതിനാൽ ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്.

ആറുമുതൽ ഒൻപത് മാസം വരെ :

ആദ്യത്തെ മൂന്നുമാസത്തെപ്പോലെ അവസാനത്തെ മൂന്ന് മാസങ്ങളും അമ്മയ്ക്കും കുഞ്ഞിനും പ്രധാനയപ്പെട്ടതാണ്. ഈ കാലഘട്ടത്തിൽ കുഞ്ഞ് പൂർണ്ണമായും പക്വത പ്രാപിക്കുകയും അമ്മ പ്രസവിക്കാൻ പൂർണമായും തയ്യാറെടുക്കയും ചെയ്യും. ഈ സമയം ആദ്യമൂന്നുമാസങ്ങളിലെ ബുദ്ധിമുട്ടുകളായ ഓക്കാനം, ക്ഷീണം എന്നിവ തിരിച്ചെത്തും. ഏഴാം മാസം മുതൽ ജനന കാലമാണ്. അമ്മയിൽ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകും. ശരീരഭാരം വർദ്ധിക്കുകയും ഗർഭപാത്രത്തിന്റെ പേശികൾ ദൃഢമാകുകയും ചെയ്യും.

ഈ സമയത്ത് നല്ല ഉറക്കം ആവശ്യമാണ്. ശരിയായ ഭക്ഷണവും വ്യായാമവും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ശ്വാസം മുട്ടുന്നതും പേശികൾക്കുണ്ടാകുന്ന കോച്ചിപിടുത്തവും ഉറക്കം നശിപ്പിക്കാനിടയുണ്ട്. അതിനാൽ, നിങ്ങളുടെ വലതു ഭാഗം ചരിഞ്ഞുറങ്ങുന്നത് ഒഴിവാക്കണം പകരം, ഇടത് ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താനും ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഈ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി മിതമായി ഭക്ഷണം കഴിക്കുക.

എട്ടാമത്തെ മാസത്തിലേക്ക് കടക്കുമ്പോൾ, കുഞ്ഞ് ജനനത്തിനായി ഒരുങ്ങിയിരിക്കുന്നു, ഈ സമയത്ത് ഗർഭസ്ത ശിശു വേഗത്തിൽ വളരുന്നു. അതിനാൽ, നിങ്ങളുടെ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കുക, കഠിനാധ്വാനം ഒഴിവാക്കുക, മലബന്ധം ഇല്ലാതിരിക്കാൻ ഭക്ഷണത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം.

ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവിസ്മരണീയമായ കാലഘട്ടമാണ്. രണ്ടുവ്യക്തികൾ കൂടി ഒരു പുതിയ ജീവന് ജൻമം നൽകുന്ന, കാലഘട്ടം. ഈ സമയത്ത് ഒരുമയോടെ, സ്നേഹത്തോടെ പങ്കാളിത്തത്തോടെ, പാരസ്പര്യത്തോടെ മുന്നോട്ടുപോയി, പുതിയ ജീവനെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിന് പങ്കാളികൾക്ക് സാധിക്കട്ടെ..

നബി – വെളിച്ച സങ്കലനം Neethu Chandran, ക്യാമറ Manoop Chandran എഴുത്ത് ജോമോൾ ജോസഫ്