സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായതായി അറിയില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ്. ഒരു സ്വകാര്യ ചാനലിനോടാണ് ബ്രൈറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന് യുഎഇ രാജകുടുംബവുമായി പരിചയമുണ്ടായിരുന്നു. ഉന്നതരുമായി സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നുവെന്നും സഹോദരൻ പറയുന്നു.
വിമാനത്താവള ജീവനക്കാരിയിൽ നിന്നും നയനന്ത്ര വിഭാഗത്തിലെ ഉന്നതരുമായുള്ള ബന്ധം വരെ നീളുന്ന സ്വപ്നയുടെ ജീവിതം അന്ത്യന്തം നാടകീയം. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്.
അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു. സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.
2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.