നിറചിരിയോടെ ഉത്ര; അച്ഛൻ കൈപിടിച്ച് കൊടുത്ത നിമിഷം; കണ്ണീരായി വിഡിയോ; അപൂർവ്വങ്ങളിൽ അപൂർവമായ കൊലപാതകം..!!

386

ആർഭാടങ്ങളോടെ നടന്ന ആഡംബര കല്യാണം. സ്വർണത്തിൽ മുങ്ങി ഉത്ര. സന്തോഷത്തോടെ വരനെ സ്വീകരിച്ച് മണ്ഡപത്തിലെത്തിക്കുന്ന ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും. എന്നാൽ ഒരു ദുരന്തത്തിലേക്കാണ് മകളെ കൈപിടിച്ച് കൊടുക്കുന്നതെന്ന് ഈ പിതാവ് അറിഞ്ഞിരുന്നില്ല. ഉത്രയുടെയും സൂരജിന്റേയും ആഡംബര വിവാഹത്തിന്റെ വിഡിയോ ഇപ്പോൾ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്​ക്കുന്നത്.

ഉത്രയുടെയും സൂരജിന്റെയും ജീവിതത്തിലേക്കു നാല് തവണയാണ് പാമ്പ് കയറി വന്നത്. മൂന്ന് മാസം നീണ്ട ആസൂത്രണത്തിലൂടെ സൂരജ് അവതരിപ്പിച്ചതായിരുന്നു ഈ പാമ്പുകളെല്ലാം. സ്വത്തിനോടുള്ള അതിമോഹമാണ് കൊലയ്ക്ക് കാരണമായത്. മൂന്ന് മാസം മുൻപ് സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ ആദ്യ പരീക്ഷണം നടന്നത്. വീടിന്റെ അകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടുപോയി. അതിനു ശേഷമാണ് മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിക്കുന്നത്. കടിയേറ്റ് വേദനച്ചിട്ടും ഉത്രയെ സൂരജ് ആശുപത്രിയിൽ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നൽകിയശേഷം ഉറങ്ങാൻ പറഞ്ഞു.

രാത്രിയിൽ ബോധരഹിതയായതോടെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. പക്ഷേ മൂന്നാഴ്ച നീണ്ട ചികിത്സയിലുടെ ഉത്ര ജീവിതത്തിലേക്കു തിരിച്ചുവന്നു. പിന്നീട് ഉത്ര സ്വന്തം വീട്ടിൽ ചികിത്സയിലിരികെ അവിടെയെത്തിയ സൂരജ് വീട്ടിൽ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടിൽ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനെല്ലാം ഒടുവിലാണ് മേയ് 7 നു രാത്രിയിൽ സംഭവിച്ച അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം.

സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍നിന്ന് സൂരജ് വാങ്ങി. പണത്തിനായി നിരന്തരം വഴക്കിട്ടതായും മൊഴിയുണ്ട്. വിവാഹമോചനം നേടിയാൽ ഈ സ്വത്തുക്കൾ തിരിച്ചു നൽകേണ്ടി വരുമെന്ന് സൂരജ് ഭയപ്പെട്ടു. കൊല്ലാൻ തീരുമാനിച്ചത് ഇതോടെയാണെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു.